കൈകൊണ്ടൊരു കുത്ത് കൊടുക്കാന്‍ തോന്നി:പുഴു കണ്ട അനുഭവം പങ്ക് വെച്ച് ആന്‍റോ ജോസഫ്
Thursday, May 12, 2022 2:57 PM IST
മമ്മൂട്ടിയുടെ പുതിയ ചിത്രമായ പുഴു കണ്ടതിന്‍റെ അനുഭവം പങ്കുവെച്ച് നിര്‍മതാവ് ആന്‍റോ ജോസഫ്. സിനിമ കണ്ടിറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിനിട്ട് കൈകൊണ്ടൊരു കുത്ത് കൊടുക്കാന്‍ തോന്നിപ്പോയിയെന്ന് അദേഹം പറയുന്നു.

മമ്മൂട്ടിക്കും കുടുംബത്തിനൊപ്പം ചിത്രം കണ്ടതിന് ശേഷമുള്ള അഭിപ്രായം സമൂഹമാധ്യമത്തിലൂടെ അദേഹം പങ്കുവെച്ചു.


ആന്‍റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

മമ്മൂക്കയുടെ 'പുഴു' നാളെ 'സോണി ലീവി'ലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. കുറച്ചുദിവസം മുമ്പ് മമ്മൂക്കയ്ക്കും കുടുംബത്തിനുമൊപ്പം ചിത്രം കാണാന്‍ അവസരമുണ്ടായി. കഥാപരിസരത്തെക്കുറിച്ചോ മമ്മൂക്കയുടെ കഥാപാത്രത്തെക്കുറിച്ചോ പറഞ്ഞ് രസച്ചരട് മുറിക്കുന്നില്ല.

പക്ഷേ ഒന്നുപറയട്ടെ. സിനിമ കണ്ടിറങ്ങിയപ്പോള്‍ മമ്മൂക്കയുടെ കഥാപാത്രത്തിനിട്ട് കൈകൊണ്ടൊരു കുത്ത് കൊടുക്കാന്‍ തോന്നിപ്പോയി. അത്രയേറെ ദേഷ്യംതോന്നി പേരുപോലുമില്ലാത്ത ആ നായകനോട്. ഒരു പുഴു ദേഹത്ത് ഇഴഞ്ഞുകയറിയതിന്‍റെ അസ്വസ്ഥത.


അത്രയും നേരം എനിക്കരികെയുണ്ടായിരുന്ന,കാലങ്ങളായി പരിചിതനായ ഒരാളാണോ സ്‌ക്രീനില്‍ ഇങ്ങനെ രൂപമാറ്റം സംഭവിച്ച് എന്റെയുള്ളിലേക്ക് കോപം കോരിയിട്ടത്. കഥാപാത്രത്തോട് ദേഷ്യം തോന്നിയപ്പോള്‍ മമ്മൂക്കയോടുള്ള ഇഷ്ടം കൂടുകയായിരുന്നു. കൂടുവിട്ടുകൂടുമാറ്റം എന്ന ജാലവിദ്യയാണ് എനിക്ക് പരിചയമുള്ള പഞ്ചപാവം മമ്മൂക്കയുടെ അടുത്തിരുന്ന്കൊണ്ട് ഞാന്‍ തൊട്ടുമുന്നിലെ സ്‌ക്രീനില്‍ കണ്ടത്.

കഥാപാത്രങ്ങളോടുള്ള മമ്മൂട്ടി എന്ന നടന്‍റെ അടങ്ങാത്ത അഭിനിവേശത്തിന്‍റെ നേർക്കാഴ്ച. മമ്മൂക്കയ്ക്ക് ഒരിക്കലും അഭിനയിച്ച് കൊതിതീരുന്നില്ല. നമുക്ക് മമ്മൂക്കയെ കണ്ടും കൊതിതീരുന്നില്ല. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ മമ്മൂക്കയെയും നമ്മളെയും കൊതിപ്പിക്കാന്‍ കാലം കാത്തുവച്ചിട്ടുണ്ട് എന്നുറപ്പാണ്.

പാര്‍വതിയാണ് മമ്മൂക്കയ്ക്കൊപ്പം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരമൊരു വേഷം സ്വീകരിക്കുന്നതുമുതല്‍ സംവിധായകയുടെ മനസിലെ രൂപത്തെ സാക്ഷാത്കരിക്കുന്നതുവരെയുള്ള ഘട്ടങ്ങളില്‍ പാര്‍വതി കാണിച്ച ധൈര്യവും ആത്മാര്‍പ്പണവും അഭിനന്ദനാര്‍ഹമാണ്. നമ്മുടെയൊക്കെ പ്രിയങ്കരനായ അപ്പുണ്ണി ശശിയുടെ പ്രകടനവും എടുത്തുപറയണം. എല്ലാ അഭിനേതാക്കളും അത്യുഗ്രന്‍.

ഇങ്ങനെയൊരു കഥയ്ക്ക് സിനിമാരൂപമേകിയ'രത്തീന' എന്ന സംവിധായികയ്ക്ക് ബിഗ്സല്യൂട്ട്. ആദ്യചിത്രം കൊണ്ടുതന്നെ 'രത്തീന' സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. ഉണ്ട,വരത്തന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ ഹര്‍ഷാദ്,സുഹാസ്,ഷറഫു എന്നിവരാണ് തിരക്കഥ.

അവര്‍ക്ക് നൂറില്‍ നൂറുമാര്‍ക്ക്. നിര്‍മ്മാതാവും എന്‍റെ പ്രിയസുഹൃത്തും, സഹോദരതുല്ല്യം സ്‌നേഹിക്കുകയും ചെയ്യുന്ന എസ്.ജോര്‍ജിനും സഹനിര്‍മാതാക്കളായ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ഖദാര്‍ തുടങ്ങി എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ ആലിംഗനങ്ങള്‍.


നിങ്ങളൊരുക്കിയത് ഒന്നാന്തരം സിനിമതന്നെയാണ്. മമ്മൂക്ക എന്ന നടന്‍ പുതുമുഖസംവിധായകരിലൂടെ മലയാളസിനിമയെ ഒരിക്കല്‍ക്കൂടി പുതുക്കുന്നതിന്‍റെ ഉദാഹരണം കൂടിയാണ് പുഴു. ഇനിയും ഒരുപാട് പുതിയ സംവിധായകരെ നമുക്ക് സമ്മാനിക്കാന്‍ മമ്മൂക്കയ്ക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു. 'പുഴു' വിന് എല്ലാ വിജയാശംസകളും..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.