ട്രോളിലൂടെ ബോധവത്ക്കരണം നടത്തി അജു വർഗീസ്
Friday, March 20, 2020 10:23 AM IST
കൊറോണയ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലും ബോധവൽക്കരണത്തിലും പങ്കാളികളാവുകയാണ് മലയാള സിനിമാ താരങ്ങളും. അക്കൂട്ടത്തിൽ വ്യത്യസ്തമായ ഒരു ബോധവൽക്കരണ രീതിയുമായെത്തിയിരിക്കുകയാണ് നടൻ അജു വർഗീസ്. ട്രോളിന്റെ രൂപത്തിൽ സോഷ്യൽമീഡിയയിലാണ് അജു വർഗീസ് രസകരമായ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരിട്ടുള്ള സ്പർശനം ഒഴിവാക്കുകയെന്ന സന്ദേശം പകരാൻ ജഗതി ശ്രീകുമാറും സിദ്ധിഖും അഭിനയിച്ച ചില ചിത്രങ്ങളിലെ ദൃശ്യങ്ങളാണ് അജു വർഗീസ് പങ്കുവച്ചിരിക്കുന്നത്. കൈത്തോക്കിന്റെ ബാരൽ കൊണ്ട് കോളിംഗ് ബെൽ അമർത്തുന്ന ജഗതി ശ്രീകുമാറിന്റെ ചിത്രവും കോഴിയുടെ ചുണ്ടുകൾ കൊണ്ട് കോളിംഗ് ബെൽ അമർത്തുന്ന ജഗതിയുടെ തന്നെ മറ്റൊരു ചിത്രവും കൈവിരൽ കൊണ്ട് കോളിംഗ് ബെൽ അമർത്തുന്ന സിദ്ധിഖിന്റെ ചിത്രവുമാണ് അജു പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആദ്യ രണ്ടു ചിത്രങ്ങളിലേത് ശരിയായ രീതിയാണെന്നും അവസാനത്തേത് തെറ്റായ രീതിയാണെന്നും ചിത്രങ്ങളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്തായാലും അജുവിന്റെ പുതിയ ബോധവൽക്കരണ രീതി സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.