നടൻ സത്താർ അന്തരിച്ചു
Tuesday, September 17, 2019 10:57 AM IST
ചലച്ചിത്ര നടൻ സത്താർ(67) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് മൂന്നു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിൽ.
എഴുപതു കാലഘട്ടത്തിൽ മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താർ.1975ല്‍ എം. കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ യാണ് സത്താർ ചലച്ചിത്ര ലോകത്ത് എത്തിയത്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സത്താർ, പിന്നീട് സ്വഭാവ നടനായും പേരെടുത്തു.
1976ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം നിർവഹിച്ച അനാവരണം എന്ന ചിത്രത്തിൽ ആദ്യമായി നായകവേഷം ചെയ്തു. ശരപഞ്ജരം, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ 148 ഓളം ചിത്രങ്ങളിൽ വേഷമിട്ടു. 2014-ൽ കരീം സംവിധാനം ചെയ്ത "പറയാന്‍ ബാക്കിവെച്ചത്' ആണ് അവസാന സിനിമ.
എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവയിലെ യൂണിയന് ക്രിസ്ത്യന്‍ കോളജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ചലച്ചിത്ര ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്. നടന് കൃഷ് സത്താര്‍ ഇരുവരുടെയും മകനാണ്.