തിളച്ച എണ്ണ പുല്ലാണ്! വൈറലായി വഴിയോരകച്ചവടക്കാരി
Thursday, October 29, 2020 6:56 PM IST
തിളച്ചുമറിയുന്ന എണ്ണയിൽ പലഹാരം ഉണ്ടാക്കുന്ന വഴിയോരകച്ചവടക്കാരി- കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലെ ദൃശ്യമാണിത്. ഇതിലെന്താണ് പ്രത്യേകത എന്നാണെന്നല്ലേ? കൈ ഉപയോഗിച്ചാണ് തിളക്കുന്ന എണ്ണയിൽ പലഹാരം മറിച്ചിടുന്നതും വേവുമ്പോൾ പാത്രത്തിലേക്ക് മാറ്റുന്നതും. കൈകളിൽ ഒന്നും ധരിച്ചിട്ടല്ല അവരത് ചെയ്യുന്നത്.
ബജി പോലുള്ള വിഭവമാണ് ഇവർ തയാറാക്കുന്നത്. മാവിൽ കുഴച്ച പലഹാരം വെറും കൈകൊണ്ട് എണ്ണയിലിടുന്നതും മറിച്ചിടുന്നതുമെല്ലാം വീഡിയോയിൽ കാണാം. ചുറ്റും നിൽക്കുന്നവർ അത്ഭുതത്തോടെ നോക്കുന്നതും വീഡിയോയിലുണ്ട്. 23000-ത്തിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു.
സ്ത്രീയുടെ കൈ പൊള്ളാത്തത്തിന്റെ രഹസ്യമെന്താണെന്നുള്ള ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. വിരലിൽ പൊതിഞ്ഞിരിക്കുന്ന മാവ് കാരണമാകും കൈ പൊള്ളാത്തത് എന്നാണ് ഒരാളുടെ കണ്ടുപിടിത്തം.
13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ടിക്ക്ടോക്കിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സ്ത്രീയുടെ പേരെ സ്ഥലമോ വീഡിയോയിൽ പറയുന്നില്ല. നേരത്തെ തിളച്ച എണ്ണയിൽ കൈകൊണ്ട് മീൻ വറക്കുന്ന ഡൽഹി സ്വദേശി പ്രേം സിംഗിന്റെ വീഡിയോ വൈറലായിരുന്നു.