വിശ്രമജീവിതത്തിന് പച്ചക്കൊടിവീശി ആദ്യ ട്രാക്ക് വുമണ്‍; റെയില്‍പാതയുടെ സ്പന്ദനമറിഞ്ഞ രമണി
ശ്രീജിത് കൃഷ്ണന്‍
Friday, September 1, 2023 1:19 PM IST
ചെറുവത്തൂര്‍: നാലു ദശകങ്ങള്‍ക്കുമുമ്പ് റെയില്‍വേയിലെ തൊഴില്‍പേരുകളെല്ലാം ആണുങ്ങളുടേത് മാത്രമായിരുന്ന കാലത്താണ് ചെറുവത്തൂര്‍ സ്വദേശിനിയായ ഒരു പത്തൊമ്പതുകാരിക്ക് 'ട്രാക് മാന്‍' ആയി നിയമനം ലഭിക്കുന്നത്. അന്തമില്ലാതെ നീളുന്ന റെയില്‍പ്പാതകളിലൂടെ കിലോമീറ്ററുകള്‍ നടന്ന് ഇളകിപ്പോയ നട്ടുകള്‍ ഉറപ്പിക്കുകയും എവിടെയെങ്കിലും വിള്ളലുകളുണ്ടായിട്ടുണ്ടെങ്കില്‍ ട്രെയിനുകള്‍ക്ക് നിര്‍ത്താന്‍ സിഗ്‌നല്‍ കൊടുക്കുകയുമൊക്കെയാണ് ജോലി. ആദ്യനിയമനം ലഭിച്ചത് മംഗളൂരുവില്‍.
ഭാഷയറിയാത്ത നാട്ടില്‍ വിജനമായ റെയില്‍പ്പാതകളിലൂടെ കിലോമീറ്ററുകള്‍ ഒറ്റയ്ക്കു നടക്കേണ്ട ജോലി വേണ്ടെന്നുപറയാന്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും എളുപ്പമായിരുന്നു. പക്ഷേ, കുടുംബം നോക്കാന്‍ ആദ്യമായി കിട്ടിയ സര്‍ക്കാര്‍ ജോലി കൗമാരം വിട്ടിട്ടില്ലാത്ത രമണിക്ക് ഏറെ വിലപ്പെട്ടതായിരുന്നു. കാക്കി ഷര്‍ട്ടും ട്രൗസറുമാണ് അന്ന് ട്രാക്മാന്‍റെ യൂണിഫോം.
പാവാടയും ബ്ലൗസുമിട്ട് ജോലിക്കു ചേരാനെത്തിയ രമണി യൂണിഫോമിനു മുന്നില്‍ പകച്ചു. ചുരിദാര്‍ പോലും അന്നു വരേണ്യവര്‍ഗത്തിനു മാത്രം പ്രാപ്യമായ വേഷമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെക്കുറിച്ച് ആരും ചിന്തിച്ചിട്ടുപോലുമില്ല.
എന്താണ് ചെയ്യേണ്ടതെന്നറിയാതെ നിന്ന രമണിയോട് സാരിയുടുത്ത് ജോലിക്കു വന്നോളാന്‍ അധികാരികള്‍ നിര്‍ദേശിച്ചു. കാലങ്ങള്‍ക്കിപ്പുറം വനിതാ ജീവനക്കാര്‍ക്ക് പാന്റും ഷര്‍ട്ടും ഓവര്‍കോട്ടുമൊക്കെ വന്നിട്ടും രമണി മാത്രം സാരിയില്‍ തുടര്‍ന്നു.
19 വര്‍ഷം ട്രാക് വുമണായി ജോലിചെയ്ത ശേഷം കീമാന്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അങ്ങനെ റെയില്‍വേയിലെ ആദ്യത്തെ കീ വുമണുമായി. പിന്നെ ട്രാക്ക് മേറ്റും ഗാംഗ് മേറ്റുമായി. അങ്ങനെ സാങ്കേതികവിഭാഗത്തിലെ ഒരുപാട് തസ്തികകളിലെ ആദ്യ സ്ത്രീസാന്നിധ്യമെന്ന നിലയില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍തന്നെ തന്‍റെ പേര് എഴുതിച്ചേര്‍ത്താണ് പയ്യന്നൂര്‍ സെക്ഷനിലെ ഗാംഗ് മേറ്റ് തസ്തികയില്‍ നിന്ന് ഇന്നലെ രമണി സര്‍വീസില്‍നിന്നും വിരമിച്ചത്.
ആദ്യകാലങ്ങളില്‍ ഓരോ ദിവസവും 12 കിലോമീറ്റര്‍ ദൂരമാണ് സാരിയും സാദാ ചെരിപ്പുമിട്ട് ചുറ്റികയും സ്പാനറും കൈയിലേന്തി രമണി റെയില്‍പാതയിലൂടെ നടന്നത്. മരത്തിന്‍റെ ഗര്‍ഡറുകളുണ്ടായിരുന്ന കാലത്ത് ഓരോ ട്രെയിനും കടന്നുപോയിക്കഴിഞ്ഞാല്‍ നട്ടുകള്‍ ഇളകുന്നത് പതിവായിരുന്നു. അതുകൊണ്ടുതന്നെ ജോലിഭാരവും കൂടുതലായിരുന്നു.
റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്തവരുടെ ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ കാണേണ്ടിവന്നാല്‍ ആദ്യകാലത്ത് ഭക്ഷണം പോലും കഴിക്കാന്‍ വിഷമമായിരുന്നു. പിന്നീട് അതെല്ലാം ശീലിച്ചു. കോരിച്ചൊരിയുന്ന മഴയത്തും പൊരിവെയിലിലും മഞ്ഞുപെയ്യുന്ന രാത്രികളിലുമെല്ലാം ഒരുപോലെ ജോലിചെയ്തു.
കോവിഡ് കാലത്ത് എല്ലാം അടച്ചിട്ടപ്പോള്‍ മാത്രമാണ് ആദ്യമായി 20 ദിവസം തുടര്‍ച്ചയായി അവധി ലഭിച്ചത്. കല്‍ക്കരി വണ്ടിയും പിന്നീട് ഡീസല്‍ എന്‍ജിനും കഴിഞ്ഞ് ഇലക്ട്രിക് ട്രെയിനുകളും വന്ദേഭാരതും വരെ റെയില്‍പാതകളിലൂടെ ഓടുന്നതിന് രമണി സാക്ഷിയായി. ഒറ്റ ട്രാക്കിലൂടെ നടന്നുതുടങ്ങിയ ജീവിതം പിന്നീട് രണ്ടും മൂന്നും ട്രാക്കുകളെ കണ്ടറിഞ്ഞു.
മരം കൊണ്ടുള്ള ഗര്‍ഡറിനു പകരം കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വന്നതും അവിടവിടെ വിള്ളലുകള്‍ വീഴുന്ന ചെറിയ റെയിലുകള്‍ക്കു പകരം നീളമേറിയ റെയിലുകള്‍ യന്ത്രസഹായത്തോടെ കൂട്ടിയോജിപ്പിക്കുന്നതും കണ്ടു. റെയില്‍വേയിലെ ഓഫീസ് ജോലികളില്‍ മാത്രമല്ല ട്രാക്ക് പരിശോധനയടക്കമുള്ള സാങ്കേതിക വിഭാഗങ്ങളിലും പുതുതലമുറയിലെ വനിതകള്‍ നിറസാന്നിധ്യമാകുന്നത് കണ്ടു.
വനിതാ ലോക്കോ പൈലറ്റുമാര്‍ ഓടിക്കുന്ന ട്രെയിനുകള്‍ തൊട്ടുമുന്നിലൂടെ ചീറിപ്പായുന്നത് നിറഞ്ഞ മനസോടെ നോക്കിക്കണ്ടു. സേവനമികവിന് ഒട്ടനവധി പുരസ്‌കാരങ്ങളും രമണിയെ തേടിയെത്തി. ആദ്യകാലത്ത് കുടുംബം നോക്കാനുള്ള തത്രപ്പാടില്‍ വിവാഹം പോലും നടന്നില്ല. ചെറുവത്തൂരില്‍ സ്വന്തമായി നിര്‍മിച്ച വീട്ടില്‍ സഹോദരിയുടെ മകള്‍ക്കൊപ്പമാണ് ഇനി വിശ്രമജീവിതം.