ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കുന്നത് 25 ദിവസം കഴിഞ്ഞ്!; ഇടയ്ക്ക് വിളിച്ചാലും ഉണരില്ല
Tuesday, July 13, 2021 1:31 AM IST
ഒരാൾക്ക് എത്ര മണിക്കൂർ തുടർച്ചയായി ഉറങ്ങാൻ കഴിയും? കുഴി മടിയന്മാരാണെങ്കിൽ പോലും വിശക്കുന്പോൾ എഴുന്നേൽക്കും. എന്നാൽ 25 ദിവസം തുടർച്ചയായി ഉറങ്ങുന്ന ഒരാളെ പരിചയപ്പെട്ടാലോ?
രാജസ്ഥാനിൽ ജോധ്പൂരിനടുത്ത് നഗൗർ എന്ന സ്ഥലത്തെ 42കാരനായ പുർഖരം സിംഗാണ് കക്ഷി. പുർഖരം സിംഗ് ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കുക 25 ദിവസം കഴിഞ്ഞാണ്. വർഷത്തിൽ 300 ദിവസവും ഉറക്കം തന്നെ. ആക്സിസ് ഹൈപർസോംനിയ എന്ന അപൂർവ അസുഖമാണ് ഇദ്ദേഹത്തിന്.
കുംഭകർണൻ എന്നാണ് നാട്ടുകാർ പുർഖരം സിംഗിനെ വിളിക്കുന്നത്. നേരത്തെ 18 മണിക്കൂർ തുടർച്ചയായി ഉറങ്ങുമായിരുന്നു. ഗ്രോസറി കട ഉടമയായിരുന്നു പുർഖരം സിംഗ്. ഉറക്കക്കൂടുതൽ കാരണം കട തുറക്കാൻ പറ്റാതായി. തുടർന്ന് ഡോക്ടറെ കണ്ടപ്പോഴാണ് 'ആക്സിസ് ഹൈപർസോംനിയ' എന്ന അപൂർവ അസുഖമാണെന്ന് കണ്ടെത്തിയത്.
2015ന് ശേഷമാണ് അസുഖം വർധിച്ചത്. പിന്നീട് ഉറക്കം ദിവസങ്ങൾ നീണ്ടുതുടങ്ങി. കടയാണെങ്കിൽ മാസത്തിൽ അഞ്ച് ദിവസം മാത്രമാണ് തുറക്കുന്നത്. വീട്ടുകാർ എത്ര വിളിച്ചാലും പൂർണമായും ഉണരാതായി.
ഇതോടെ ഉറക്കത്തിനിടെ തന്നെ ഭക്ഷണം കൊടുക്കൽ തുടങ്ങിയെന്ന് പുർഖരം സിംഗിന്റെ അമ്മ കൻവാരി ദേവിയും ഭാര്യ ലക്ഷ്മി ദേവിയും പറയുന്നു. വൈകാതെ അസുഖം ഭേദമാകുമെന്ന പ്രതീക്ഷയിലാണ് പുർഖരം സിംഗിന്റെ ബന്ധുക്കൾ.