"നിപ്പ രോഗികൾ എന്ന്, എപ്പോൾ, എവിടെ?; "സിഐഡി' ഡോക്ടർ പണി തുടങ്ങി മക്കളെ...
Monday, September 6, 2021 6:38 AM IST
നിപ്പ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് സിനിമ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് പാർവതി അവതരിപ്പിച്ച അനു എന്ന വേഷമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ അസി. സർജൻ സീതു പൊന്നു തമ്പി എന്ന ഡോക്ടറിൽ നിന്നാണ് അനു എന്ന കഥാപത്രത്തിന്റെ പിറവി.
മൂന്നു വർഷം മുമ്പു കോഴിക്കോട്ട് നിപ്പ സ്ഥിരീകരിക്കുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ പിജി രണ്ടാം വർഷ വിദ്യാർഥിയായിരുന്നു സീതു പൊന്നു തമ്പി. രോഗത്തെക്കുറിച്ചുള്ള സംശയങ്ങൾ ചോദിച്ചു വിളിക്കുന്നവർക്കു മറുപടി തയാറാക്കുകയായിരുന്നു സീതുവിന്റെ ആദ്യ ജോലി. പിന്നീട് മെഡിക്കൽ കോളജിലേക്ക് എത്തിയ രോഗികളുടെ വിവരങ്ങൾ സീതു ശേഖരിച്ചു.
പുതിയ പനി ലക്ഷണങ്ങളുമായി എത്തിയവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുമ്പോൾ സീതു എല്ലാ വിവരവും ചോദിച്ചു മനസിലാക്കി. തുടർന്ന് രോഗി പോയ വഴികളിലൂടെ ചോദ്യങ്ങളും ഫോൺവിളികളും അന്വേഷണങ്ങളുമായി സീതു എത്താൻ തുടങ്ങി.നിപ്പ എങ്ങനെ പടർന്നു എന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലാതിരുന്നപ്പോൾ, എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവുമായി സീതുവിന് കോർ കമ്മിറ്റി മുമ്പാകെ എത്താൻ സാധിച്ചിരുന്നു. അന്നു മുതൽ സീതു നിപ്പ കോർ ടീമിന്റെ ഭാഗമായി.
എല്ലാ രോഗികളും സഞ്ചരിച്ച വഴികളുടെ റൂട്ട് മാപ് തയാറാക്കുന്നതിൽ സീതുവിന്റെ പ്രയത്നം വിജയിച്ചു. ഓരോ യോഗത്തിലും രോഗം പകർന്നത് ആരിൽ നിന്നാണെന്നതിന്റെ തെളിവുകൾ സഹിതം കോർ കമ്മിറ്റിക്കു മുന്നിൽ സീതുവിന് സമർപ്പിക്കാൻ സാധിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് ഒരിക്കൽ കോർ ടീം യോഗത്തിനു സീതുവിനെ കാണാതിരുന്ന ജില്ലാ കളക്ടർ യു.വി. ജോസ് "സിഐഡി 'എവിടെ എന്ന് അന്വേഷിച്ചത്. അന്നുമുതൽ സീതു സിഐഡി ഡോക്ടർ ആയി.
കേരളത്തെ മുൾമുനയിൽ നിർത്തിയ ആദ്യ നിപ്പ തരംഗത്തിൽ അന്നത്തെ രോഗികൾ എന്ന്, എപ്പോൾ, എവിടെയായിരുന്നു എന്ന വിവരങ്ങൾ സീതുവിന്റെ കൈയിൽ ഇപ്പോഴും ഭദ്രം. സീതു പൊന്നു തമ്പിയെയാണ് ഇത്തവണയും രോഗിയുമായി നേരിട്ട് ബന്ധപ്പെട്ടവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് നിയോഗിച്ചിരുക്കുന്നത്. അന്ന് ഇഖ്റ ആശുപത്രിയിലെ ഡോക്ടറായിരുന്ന സീതുവിന്റെ ഭർത്താവ് ബിജിൻ ജോസഫാണ് ഇഖ്റയിൽ പ്രവേശിപ്പിച്ച നിപ്പ രോഗിയെ പരിചരിച്ചത്. നിപ്പ സ്ഥിരീകരിച്ചത് അതിനു ശേഷമായിരുന്നു .
രോഗം സ്ഥിരീകരിച്ചതോടെ അടുത്തിടപഴകിയ ഇവരിലും ഭയം പിടിമുറുക്കി. എന്നാൽ, മക്കളെ വീട്ടിൽനിന്നു മാറ്റി മുഴുവൻ സമയ രോഗ ശുശ്രൂഷയ്ക്ക് ഇറങ്ങുകയാണ് ഇവർ ചെയ്തത്