കൊറോണക്കാലത്ത് കാര്‍ട്ടൂണ്‍ സീരീസുമായി മഹേഷ് വെട്ടിയാര്‍
Tuesday, May 12, 2020 2:45 PM IST
കൊറോണക്കാലം സര്‍ഗസൃഷ്ടികളുടെ കാലം കൂടിയാണ്. അമിതാഭ് ബച്ചനും മോഹന്‍ലാലും തുടങ്ങി ചലച്ചിത്രതാരങ്ങള്‍, പാട്ടുകാര്‍, ചിത്രകാരന്മാര്, മിമിക്രി കലാകാരന്മാര്, നര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രതിഭകള്‍ തങ്ങളുടെ സര്‍ഗ സൃഷ്ടികളുമായി ജനങ്ങള്‍ക്ക് മുമ്പില്‍ എത്തുന്നു.
ലോക്ഡൗണില്‍ അകപ്പെട്ടിരിക്കുന്ന ജനങ്ങള്‍ക്ക് വലിയൊരു ആശ്വാസമാണ് ഇത്തരം ചെറുതും വലുതുമായ സൃഷ്ടികള്‍. ഇതില്‍ ശ്രദ്ധേയമാകുകയാണ് പ്രമുഖ പരസ്യചിത്ര സംവിധായകനും ചെറുകഥാകൃത്തുമായ മഹേഷ് വെട്ടിയാരുടെ കാര്ട്ടൂണുകള്.
ദിവസം ഒരു കാര്‍ട്ടൂണാണ് മഹേഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രസിദ്ധീകരിക്കുന്നത്. കൊറോണക്കാലത്തിന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ സാഹചര്യങ്ങളെല്ലാം കാര്‍ട്ടൂണില്‍ വിഷയമാകും. അതുകൊണ്ടു തന്നെ വലിയ ചിന്തകള്‍ക്ക് വഴിവെക്കുന്നതാണ് മഹേഷിന്റെ കാര്‍ട്ടൂണ്‍ സീരീസ്.
ഇവയില്‍ മിക്കവയും സോഷ്യല്‍ മീഡിയ ലോകത്ത് വൈറലായിക്കഴിഞ്ഞു. നഴ്സുമാരുടെ ശബള വിഷയം മുതല്‍ പ്രവാസികളുടെ മടങ്ങിവരവും അഥിതി തൊഴിലാളികളുടെ മടക്കവും രാഷ്ട്രീയ മുതലെടുപ്പുകളും മലയാളികളുടെ ജീവിത ശൈലികളുമെല്ലാം മഹേഷിന്റെ കാര്‍ട്ടൂണില്‍ നിറയും. ഒരു ദിവസവും കേരളത്തിലെ സംഭവ വികാസങ്ങളുടെ സറ്റയര്‍ സൈഡിലേക്ക് കണ്ണോടിക്കണമെങ്കില് മഹേഷിന്റെ കാര്‍ട്ടൂണ്‍ പേജിലേക്ക് നോക്കിയാല്‍ മതി.
ബോളിവുഡ് താരങ്ങളായ അമിതാഭ്ബച്ചന്, അനില്‍ കപൂര്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് എം.എസ്. ധോണി, തുടങ്ങിയവരുള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ വിവിധ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ക്കായി മഹേഷിന്റെ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ടൂണ്‍സ് ആനിമേഷനില്‍ 15 വര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് മഹേഷ് പരസ്യചിത്രരംഗത്തേക്ക് വന്നത്. ടൂണ്‍സ് നിര്‍മിച്ച മലയാളത്തിലെ ആദ്യ ആനിമേഷന്‍ സിനിമയായ സ്വാമി അയ്യപ്പന്റെ രചനയും സംവിധാനവും മഹേഷിന്റേതായിരുന്നു. മലയാളത്തില്‍ കെ.എല്‍.എം.ഗ്രൂപ്പുപോലെയുള്ള പ്രമുഖസ്ഥാപനങ്ങള്ക്ക് വേണ്ടിയും പരസ്യങ്ങള്‍ ഒരുക്കിയിട്ടുള്ളത് മഹേഷാണ്.
മംമ്തയെ നായികയാക്കി മലയാളത്തില്‍ ഒരുക്കിയ പരസ്യചിത്ര പരമ്പര ഏറെ ശ്രദ്ധേയമായിരുന്നു. ചെറുകഥയുടെ ലോകത്ത് എന്റേതായ കഥകള്‍ എന്ന പേരില്‍ പുസ്തക സമാഹാരവും മഹേഷിന്റേതായിട്ടുണ്ട്.
ലോക്ഡൗണ്‍കാലത്ത് ടൂണ്‍സ് ആനിമേഷന്‍ സര്‍ക്കാരിന് വേണ്ടി ഇറക്കിയ രണ്ട് ആനിമേഷന്‍ ബോധവത്കരണചിത്രങ്ങളുടെ ആശയവും സ്റ്റോറി കോണ്‍സെപ്റ്റും മഹേഷിന്റേതായിരുന്നു. ആനിമേഷന്‍ രംഗത്തുള്ള മഹേഷിന്റെ പരിചയസമ്പത്ത് തിരിച്ചറിഞ്ഞ ടൂണ്‍സ് മീഡിയ ഗ്രൂപ്പ് സി.ഒ പി.ജയകുമാറാണ് ഈ ദൗത്യം ഏല്പിച്ചത്.
രണ്ട് ചിത്രങ്ങളും ഏറെ പ്രശംസനേടി. നിലവില്‍ മലയാളത്തില്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ പ്രിപ്രൊഡക്ഷന്‍ ജോലികള്‍ക്കിടയിലാണ് മഹേഷിന്റെ കാര്‍ട്ടൂണ്‍ രചനയും പുരോഗമിക്കുന്നത്.
ദിവസം ഒരു കാര്‍ട്ടൂണ്‍ എന്നത് വെല്ലുവിളിയാണ്. എങ്കിലും ലോക്ഡൗണ്‍ കാലമായതിനാല്‍ ആശയങ്ങള്‍ക്ക് പഞ്ഞമുണ്ടാകുന്നില്ലെന്നും സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത് വരെ കാര്‍ട്ടൂണ്‍ സീരിസ് തുടരാന്‍ കഴിയുമെന്നുമാണ് മഹേഷ് പറയുന്നത്.