പോലീസുകാർക്ക് വിവാഹസദ്യ സ്റ്റേഷനിൽ ഒരുക്കി നവദമ്പതികൾ
Wednesday, May 27, 2020 1:50 PM IST
കരയോഗ മന്ദിരത്തിലെ കതിർമണ്ഡപത്തിലെ താലികെട്ടിനുശേഷം നവദമ്പതികൾ നേരെ കാറിൽ വന്നിറങ്ങിയത് പോലീസ് സ്റ്റേഷൻ മുറ്റത്ത്. പിന്നെ പോലീസുകാരുടെ വക സ്വീകരണവും സ്റ്റേഷനു മുറ്റത്തെ പന്തിലിൽ ഒരുക്കിയ സദ്യയും ഒക്കെ കൂടി ആയപ്പോൾ നവ ദമ്പതികളുടെ വിവാഹവും വിവാഹ സദ്യയും വേറിട്ടതായി.
യെമനിൽ ഓയിൽ കമ്പനിയിൽ ജോലി ചെയ്യുന്ന ചേപ്പാട് ചേങ്കര വീട്ടിൽ അരുൺ എസ്. കൈമളും ചേപ്പാട് കോട്ടം കോയിക്കൽ നീതുവുമാണ് ലോക്ക്ഡൗൺ കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ സേവനം ചെയ്യുന്ന പോലീസുകാർക്ക് ആദരവ് നൽകി കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ മുറ്റത്ത് വിഭവ സമൃദ്ധമായ സദ്യ ഒരുക്കിത്. കഴിഞ്ഞദിവസം രാവിലെ 7നും 7.30 നും മധ്യേയുള്ള മുഹൂർത്തത്തിൽ ചേപ്പാട് എൻ എസ് എസ് കരയോഗ മന്ദിരത്തിലായിരുന്നു ഇരുവരുടെയും വിവാഹം.
ആയൂർവേദ ഡോക്ടറായ നീതുവും അരുണും തമ്മിലുള്ള വിവാഹം മുമ്പ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനാൽ നീട്ടിവയ്ക്കുകയായിരുന്നു. വീണ്ടും തീയതി നിശ്ചയിച്ചെങ്കിലും ലോക്ക് ഡൗൺ നീട്ടിയതിനാൽ മേയ് 24ന് നടത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടേയും നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്.
വിവാഹത്തിന് ലളിതമായ ചടങ്ങുകൾ മാത്രമാണ് ഉണ്ടായിരുന്നത്. വിവാഹ മണ്ഡപത്തിൽ നിന്നും ഇരുവരും അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷന് മുമ്പിൽ ഒരുക്കിയ താത്ക്കാലിക പന്തലിൽ പോലീസുകാർക്കൊപ്പം ഇരുന്നാണ് നവ ദമ്പതികൾ വിവാഹ സദ്യ കഴിച്ചത് . സബ് ഇൻസ്പെക്ടർമാരായ ആശാ വി. രേഖ, സുജിത്ത്, ജനമൈത്രി ബീറ്റ് ഓഫീസർ എസ്. ആർ. ഗിരീഷ് എന്നിവർ നവദമ്പതികൾക്ക് ആശംസകൾ നേർന്നു.