ഞാനിവിടെയുണ്ട്, വ്യാജവാർത്തകളുടെ പിന്നാലെ പോകരുത്: ആശുപത്രിയിൽ നിന്ന് വാവ സുരേഷ്
Monday, February 17, 2020 4:12 PM IST
വാവ സുരേഷ് പാമ്പുകടിയേറ്റ് ആശുപത്രിയിലായെന്ന വാർത്ത ഏവരും ആശങ്കയോടെയാണ് കേട്ടത്. പിന്നീടുള്ള ദിവസങ്ങളിൽ വാവയുടെ ആരോഗ്യനില സംബന്ധിച്ച് പല വാർത്തകളും പുറത്തുവന്നു. സോഷ്യൽ മീഡിയയിലും വാർത്തകൾ നിറഞ്ഞതോടെ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രതികരണവുമായി സാക്ഷാൽ വാവ സുരേഷ് തന്നെ രംഗത്തെത്തി.
പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ലെന്നും ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ വാർഡിലേക്ക് മാറ്റുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ ഒരുപാട് തെറ്റായ വാർത്തകൾ വരുന്നുണ്ടെന്നും ഇതിനെ പിന്നാലെ പോകരുതെന്നും വാവ സുരേഷ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വ്യാഴാഴ്ച പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിൽ കണ്ടെത്തിയ അണലിയെ പിടികൂടി പുറത്തെത്തിച്ച ശേഷമായിരുന്നു വാവ സുരേഷിന് പാന്പുകടിയേറ്റത്. ഉടൻതന്നെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.