രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു; കൃഷിയിടത്തിനു നടുവിൽ ഭീമൻ കുഴി
Tuesday, June 25, 2019 10:18 AM IST
രണ്ടാം ലോകമഹായുദ്ധ കാലത്ത് വർഷിച്ചതെന്നു കരുതുന്ന ബോംബ് പൊട്ടിത്തെറിച്ച് മധ്യ ജര്‍മനിയിൽ ഭീമാകാരമായ കുഴി രൂപപ്പെട്ടു. ഞായറാഴ്ച പുലർച്ചെ ലിംബർഗിലെ കൃഷിയിടത്തിലാണ് സ്ഫോടനമുണ്ടായത്. പത്ത് മീറ്റര്‍ വ്യാസവും നാല് മീറ്റര്‍ ആഴവുമുള്ള കുഴിയാണ് രൂപപ്പെട്ടത്.
കിലോമീറ്ററുകള്‍ വിസ്തീര്‍ണമുള്ള ചോളവയലിനു നടുവിലാണ് സ്ഫോടനം നടന്നത്. വലിയ സ്ഫോടനശബ്ദം കേട്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. സ്ഫോടനത്തെത്തുടർന്നു ചെറിയ ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
രണ്ടാം ലോക മഹായുദ്ധകാലത്ത് വിമാനം വർഷിച്ച ബോംബായിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 250 കിലോഗ്രാം ഭാരമുള്ള ബോംബായിരിക്കാം പൊട്ടിത്തെറിച്ചെന്നാണ് സ്ഥലം പരിശോധിച്ച വിദഗ്ധർ പറയുന്നത്. സ്ഫോടനമുണ്ടായ കൃഷിയിടത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
രണ്ടാംലോകമഹായുദ്ധം അവസാനിച്ച് എഴുപതു വര്‍ഷം കഴിഞ്ഞതിനു ശേഷവും ബോംബുകള്‍ കണ്ടെടുക്കുന്നത് ജർമനിയിലുള്ളവർക്ക് ഇപ്പോഴും വലിയ തലവേദനയായി തുടരുകയാണ്.