മുന്നിൽ മരണത്തോടു മല്ലിട്ട് മണിക്കുട്ടി; ഒന്നും നോക്കിയില്ല, നേരെ കിണറ്റിലിറങ്ങി 13കാരി
Friday, January 28, 2022 3:31 PM IST
പതിമൂന്നുകാരിയുടെ സമയോചിതമായ ഇടപെടൽ രണ്ട് മാസം പ്രായമുള്ള മണിക്കുട്ടിയുടെ ജീവൻ രക്ഷിച്ചു. കഴിഞ്ഞ ദിവസം കടുത്തുരുത്തി മാഞ്ഞൂരിൽ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആട്ടിൻകുട്ടിയെയാണ് പതിമൂന്നുകാരി കിണറ്റിലിറങ്ങി രക്ഷപെടുത്തിയത്.
മാഞ്ഞൂരിലെ അഗതി മന്ദിരമായ മരിയൻ സൈന്യം നടത്തുന്ന മാഞ്ഞൂർ കിഴക്കേടത്ത് പ്രായിൽ ലിജുവിന്റെയും ഷൈനിയുടെയും മകളായ ഏഴാം ക്ലാസ് വിദ്യാർഥിനിയായ അൽഫോൻസ ലിജുവാണ് കിണറ്റിൽ ഇറങ്ങി ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തിയത്.
ചുറ്റുമതിലുളള വലയിട്ടിരുന്ന കിണറിൻ്റെ മതിലിലൂടെ ഓടിക്കളിക്കുന്നതിനിടയിലാണ് മണിക്കുട്ടി കിണറ്റിൽ വീഴുന്നത്. ഒച്ചകേട്ട് ഓടിയെത്തിയ വീട്ടുകാർ മണിക്കുട്ടി മുങ്ങിത്താഴുന്നതാണ് കണ്ടത്. ഉടൻ തന്നെ അയൽവാസി കിണറ്റിൽ ഇറങ്ങിയെങ്കിലും പകുതിയോടെ ഇറങ്ങാനാവാത കയറിപ്പോന്നു.
തുടർന്നാണ് അൽഫോൻസാ കയറിൽപ്പിടിച്ചു കിണറ്റിലിറങ്ങി കുട്ടയിൽ ആടിനെ ഇരുത്തി കരക്കെത്തിക്കുകയായിരുന്നു. ഈസമയം സമീപവാസികളിൽ ചിലരും കിണറ്റിൽ ഇറങ്ങി അൽഫോൻസയ്ക്കു സഹായം നൽകി. പത്തടിയോളം വെള്ളം ഉള്ള കിണറാണിത്.
കുട്ടയിൽ കയറ്റി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു തവണ മണിക്കുട്ടി വീണ്ടും താഴേക്ക് വീണു പോയെങ്കിലും അൽഫോൻസയുടെ മനോബലം കൊണ്ട് മാത്രമാണ് ആട്ടിൻ കുട്ടിയെ കരയ്ക്ക് എത്തിക്കാൻ കഴിഞ്ഞത്.
കുറുപ്പന്തറ സെന്റ്. സേവ്യേഴ്സ് വിഎച്ച്എസ്ഇ സ്കൂളിലെ വിദ്യാർഥിനിയാണ് അൽഫോൻസ. മണിക്കുട്ടി അൽഫോൻസയുടെ പ്രിയപ്പെട്ട ആട്ടിൻകുട്ടിയാണ്. മണിക്കുട്ടിയെ കൂടാതെ അൽഫോൻസയുടെ സഹോദരങ്ങളായ ഗോഡ്വിൻ, ആഗ്നസ്, ഗോഡ്സൺ എന്നിവരുടേതായി മണിക്കുട്ടൻ, ചെമ്പൻ, കുട്ടിമാണി എന്നീ മൂന്ന് ആട്ടിൻകുട്ടികളും കൂടിയുണ്ട് ലിജുവിന്റെ വീട്ടിൽ.