തൊപ്പി കണ്ടപ്പോൾ രാജ്യസ്നേഹമുണർന്നു; വീടിന്റെ ഭിത്തിയിൽ മാപ്പെഴുതി മോഷ്ടാവ്
Thursday, February 20, 2020 12:03 PM IST
മോഷ്ടിക്കാനായി പൂട്ടുപൊളിച്ചു വീടിനുള്ളിൽ കയറിയപ്പോഴാണു പട്ടാളക്കാരന്റെ വീടാണ് അതെന്നു കള്ളൻ അറിഞ്ഞത്. അതോടെ കള്ളന്റെ ഉള്ളിലെ രാജ്യസ്നേഹി ഉണർന്നു. വീട്ടിൽനിന്ന് ഒന്നുമെടുത്തില്ലെന്നു മാത്രമല്ല, ഭിത്തിയിൽ മാപ്പും എഴുതിവച്ചു. നല്ല കള്ളൻ അവിടംകൊണ്ടും നിർത്തിയില്ല. വീടിനു സമീപത്തെ ടയർ കടയിൽനിന്നു മോഷ്ടിച്ച ബാഗും രേഖകളും തിരികെ ഏൽപിക്കാൻ വീട്ടിൽ വയ്ക്കുകയുംചെയ്തു.
വീട്ടിൽനിന്നിറങ്ങും മുന്പു ചെറിയൊരു പ്രലോഭനം കള്ളനെ കീഴടക്കി. സൈനികന്റെ മദ്യക്വാട്ടയിൽനിന്നു രണ്ടു പെഗ് അടിച്ചശേഷമാണ് ആൾ സ്ഥലംവിട്ടത്. സംഭവം നടന്നതു തൃപ്പൂണിത്തുറയ്ക്കു സമീപം തിരുവാങ്കുളത്തെ പാലത്തിങ്കൽ ഐസക് മാണിയുടെ വീട്ടിൽ. സൈന്യത്തിൽനിന്നു വിരമിച്ചയാളാണ് ഐസക്.
കള്ളൻ കയറിയപ്പോൾ വീട്ടിലാരും ഉണ്ടായിരുന്നില്ല. വാതിലിന്റെ പൂട്ടുപൊളിച്ച് ഉള്ളിൽ കടന്ന മോഷ്ടാവ് ആസ്ബറ്റോസ് മേൽക്കൂര വരെ പൊളിച്ചു സകലയിടത്തും അരിച്ചുപെറുക്കി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന സൈനികതൊപ്പി കണ്ട്, കയറിയ വീട് പട്ടാളക്കാരന്റേതാണെന്നു കള്ളൻ മനസിലാക്കുകയായിരുന്നു. ഭിത്തിയിൽ മാപ്പ് എഴുതിവച്ച കള്ളൻ ഒരു പട്ടാളക്കാരന്റെ വീടാണെന്നു തൊപ്പി കണ്ട് അവസാനനിമിഷമാണ് മനസിലായതെന്നും ക്ഷമിക്കണമെന്നും കുറിച്ചു.
ഈ വീട്ടിൽ കയറും മുമ്പു സമീപത്തെ നാലു കടകളിൽ ഇയാൾ മോഷണം നടത്തിയിരുന്നു. ഇതിൽ ടയർ കടയിൽനിന്നു കവർന്ന ബാഗും രേഖകളും സൈനികന്റെ വീട്ടിൽ വച്ചാണു കള്ളൻ മടങ്ങിയത്. എന്നാൽ മറ്റു കടകളിൽനിന്നു കവർന്ന 10,000 രൂപയോളം കള്ളൻ കൊണ്ടുപോയി. തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.