ബീച്ചില്‍ ദിനോസറിന്‍റെ കാല്പാടുകള്‍; അന്തംവിട്ട് സന്ദര്‍ശകര്‍
Tuesday, May 24, 2022 11:09 AM IST
പതിവുപോലെ കടല്‍തീരത്തേക്കെത്തിയ പലരും ആ കാഴ്ച കണ്ട് ഒന്നമ്പരന്നു. തീരത്തുമുഴുവന്‍ ദിനോസറിന്‍റെ ഭീമന്‍ കാല്പാടുകള്‍. വെയില്‍സിലെ പെംബ്രോക് ഷെയറിലുള്ള ട്രെയ്ത് ലൈഫിന്‍ ബീച്ചിലാണ് ഈ സംഭവമുണ്ടായത്.
എന്നാല്‍ കാഴ്ചക്കാരുടെ ഈ കൗതുകത്തിന് പിന്നില്‍ 10 മണല്‍ കലാകരന്‍മാരായിരുന്നു. ആപ്പിള്‍ ടിവി + ന്‍റെ പ്രീഹിസ്റ്റോറിക് പ്ലാനറ്റ് എന്ന പരമ്പരയുമായി ബന്ധപ്പെട്ട് അവര്‍ ഒരുക്കിയതായിരുന്നിത്.
ശിലാവശിഷ്ട ശാസ്ത്രകാരന്‍മാരുടെ സഹകരണത്തോടെയാണ് ഈ ചിത്രകാരന്‍മാര്‍ ഇതൊരുക്കിയത്. നാലുമണിക്കൂറിലധികമാണ് ഈ കലാകാരന്‍മാര്‍ ഇതിനായി ചെലവിട്ടത്. തെറോപോഡ് ഇനത്തിലുള്ള ടൈറാന്നോസറസ് ദിനോസറുകളുടെ കാല്പാടുകളാണ് അവര്‍ മണലില്‍ തീര്‍ത്തത്.
ദിനോസറുകളെക്കുറിച്ച് ജനങ്ങള്‍ സംസാരിക്കാനും അവയുടെ തിരിച്ചുവരവിനെക്കുറിച്ച് അവര്‍ക്ക് ഭാവന മെനയാനും ഇത്തരം കലാസൃഷ്ടികള്‍ ഉപകരിക്കുമെന്ന് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായ മൈക് ഗുണ്ടോണ്‍ പറഞ്ഞു.