സൂപ്പറാണ് പൈറോഗ്രഫി! തീകൊണ്ട് തടിയിൽ ചിത്രങ്ങൾ തീർത്ത് ജേക്കബ് കുര്യൻ
Monday, December 6, 2021 3:47 PM IST
തടിയിൽ തീകൊണ്ട് ചിത്രങ്ങൾ തീർക്കുന്ന പൈറോഗ്രഫി എന്ന കലാരൂപത്തെ ജനകീയമാക്കി ഒരു കലാകാരൻ. കൊല്ലം കരുനാഗപ്പള്ളിയിൽ കൈപ്പള്ളിൽ ജേക്കബ് കുര്യനാണ് യൂറോപ്യൻ രാജ്യങ്ങളിൽ ഏറെ പ്രചാരത്തിലുള്ള കലാരൂപത്തെ കേരളത്തിൽ ജനപ്രിയമാക്കുന്നത്.
വെച്ചൂർ അംബികാ മാർക്കറ്റ് ഭാഗത്ത് ഇപ്പോൾ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന ജേക്കബ് കുര്യൻ കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകൃത കലാകാരനാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം എക്സിബിഷനുകളുടെ ഭാഗമായി തന്റെ കലാരൂപങ്ങളെ വിറ്റിരുന്ന അദ്ദേഹത്തിന്റെ കലാസപര്യക്കു കോവിഡു കാലത്തു പൂട്ടുവീണു. ഇപ്പോൾ ആരാധനാലയങ്ങളിലെ കൗണ്ടറുകളിലും ഓണ്‍ലൈനായും ദാരു ശിൽപങ്ങളും ചിത്രങ്ങളും വിറ്റാണ് പ്രതിസന്ധിയെ അതിജീവിക്കുന്നത്.
14-ാം വയസിലാണ് ജേക്കബ് കുര്യൻ ചിത്രരചനയിലും ദാരുശിൽപ വിദ്യയിലും തത്പരനായത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ മെക്കാനിക്ക് സെക്ഷനിൽ ജോലി ചെയ്തിരുന്ന ജേക്കബ് കുര്യൻ പിന്നീട് ജോലി അവസാനിപ്പിച്ച് കലാപ്രവർത്തനത്തിൽ വ്യാപൃതനാകുകയായിരുന്നു. തേക്ക്, ഈട്ടി, കുന്പിൾ, മഹാഗണി, പൂവരശ് തുടങ്ങിയ തടികളിലാണ് ഇദ്ദേഹം ചിത്രങ്ങളും ശിൽപങ്ങളും തീർക്കുന്നത്.
മനം കവരുന്ന ചിത്രങ്ങളും ദാരുശിൽപങ്ങളും സാധാരണക്കാർക്കു കൂടി പ്രാപ്യമാകുന്ന തരത്തിൽ മിതമായ വിലയ്ക്കാണ് ജേക്കബ് കുര്യൻ വിൽക്കുന്നത്. ബോധിവൃക്ഷത്തണലിൽ ഇരിക്കുന്ന ബുദ്ധൻ, യേശു, ഗണപതി, ശ്രീകൃഷ്ണൻ , വിശുദ്ധ മറിയവും ഉണ്ണിയേശുവും തുടങ്ങിയ ദേവരൂപങ്ങളും തടിയിൽ തീർത്ത ചുണ്ടൻവള്ളവും, പഴമയെ ഓർമിപ്പിക്കുന്ന ഗ്രാമഫോണ്‍, വലിവണ്ടി എന്നിവയൊക്കെ ജേക്കബ് കുര്യന്റെ കലാസൃഷ്ടികളുടെ ശേഖരത്തിലുണ്ട്.
ഇദ്ദേഹം കൊത്തിയുണ്ടാക്കിയ ചുണ്ടൻവള്ളം ആവശ്യപ്പെട്ട് നിരവധി പേരാണ് എത്തുന്നത്. പൈറോഗ്രഫിയിലും വുഡ് കാർവിംഗിലും പുതിയ പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് ജേക്കബ് കുര്യൻ.