"അമ്മ മനസിന് ബിഗ് സല്യൂട്ട്'; ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനെ സ്വകാര്യ വിമാനത്തിൽ ഡൽഹിയിലെത്തിച്ച് പ്രിയങ്ക
Sunday, May 12, 2019 11:51 AM IST
അർബുദ രോഗ ബാധിതയായ കുഞ്ഞിനെ സ്വകാര്യ വിമാനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിൽനിന്നുള്ള കുടുംബത്തെയാണ് പ്രിയങ്ക സഹായിച്ചത്.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രയാഗ് രാജിലെ കമല നെഹ്റു ആശുപത്രിയിലാണ് രണ്ടര വയസുകാരി പെണ്‍കുട്ടിയെ ചികിത്സിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തോടെ കുട്ടിയുടെ ആരോഗ്യ നില വഷളായി. കുട്ടി അധിക സമയം അതിജീവിക്കില്ലെന്നു ഡോക്ടർമാരും അറിയിച്ചു.
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കവെ, കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് കുഞ്ഞിന്റെ കാര്യം പ്രിയങ്കയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഡൽഹിയിൽ ചികിത്സ നൽകിയാൽ നന്നായിരിക്കുമെന്നും പറഞ്ഞു.
ഉടൻ തന്നെ നടപടി സ്വീകരിച്ച പ്രിയങ്ക കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെടുകയും ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ തുടർ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. പിന്നാലെ കുഞ്ഞിനെയും അമ്മയെയും ഒരു സ്വകാര്യ വിമാനത്തിൽ ഡൽഹിയിലേക്ക് അയയ്ക്കുകയും ചെയ്തു.