ഉമ്മ കൊടുത്താൽ മാത്രം വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന കങ്കാരു
Wednesday, April 17, 2019 11:13 AM IST
എല്ലാ ദിവസവും വൈകുന്നേരമാകുന്പോൾ ഓസ്ട്രേലിയക്കാരനായ ബ്രൂക്സിന്റെ വീടിനു പുറകിലുള്ള വാതിലിൽ ഒരു മുട്ടുകേൾക്കാം. റൂഫസ് എന്ന് പേരിട്ടിരിക്കുന്ന ഒരു ഈസ്റ്റേണ്‍ ഗ്രെ കങ്കാരുവാണ് പുറകിലെ വാതിലിലൂടെ എത്തുന്ന ഈ അതിഥി. ബ്രൂക്സ് വാതിൽ തുറന്നുകൊടുക്കുന്നതുവരെ റൂഫസ് കങ്കാരു വാതിലിൽ മുട്ടി ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും.
വാതിൽ തുറന്നുകൊടുത്താലോ ഉടനെ ഉള്ളിൽ കടന്ന് സ്വന്തം വീടുപോലെ വീടിനുള്ളിലെല്ലാം കയറിഇറങ്ങി നടക്കും. ഒടുവിൽ ഹാളിൽ ഇട്ടിരിക്കുന്ന സോഫയിൽ കയറിക്കിടന്ന് ഉറങ്ങും. പിന്നെ രാത്രിയാകുന്പോൾ ബ്രൂക്സ് റൂഫസിനെ തട്ടിവിളിച്ച് എഴുന്നേൽപ്പിച്ച് ഒരു ഉമ്മയും കൊടുത്ത് എടുത്തുകൊണ്ടുപോയി പുറത്തുവിടും.
തീരെ ചെറുതായിരിക്കുന്പോൾ മുതൽ റൂഫസ് കങ്കാരു ബ്രൂക്സിന്റെ വീട്ടിൽ എത്താറുണ്ട്. ഇപ്പോൾ 40 കിലോ ഉള്ള റൂഫസിനെ ഇങ്ങനെ എത്രനാൾ എടുത്തുപുറത്തുകൊണ്ടുപോയി വിടാനാകും എന്ന ആശങ്ക മാത്രമെ ബ്രൂക്സിനുള്ളു.
ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ മാത്രമെ കങ്കാരുക്കളെ വീട്ടിൽ വളർത്താൻ സാധാരണക്കാർക്ക് നിയമപരമായി അവകാശമുള്ളു. അതുകൊണ്ടുതന്നെ റൂഫസിനെ വീട്ടിൽ നിർത്താൻ ബ്രൂക്സിനാകില്ല. മനസില്ലാ മനസോടെയാണ് രാത്രിയിൽ റൂഫസിനെ വീട്ടിൽനിന്ന് ഇറക്കിവിടുന്നതെന്ന് ബ്രൂക്സ് പറയുന്നു.