ഇന്ത്യയിലെ ആദ്യ വനിത നിയമസഭാംഗം ഡോ. മേരി പുന്നൻ ലൂക്കോസ് ; ഗൂഗിൾ ഡൂഡിലിനെ തിരുത്തി എൻ.എസ്. മാധവൻ
Wednesday, July 31, 2019 4:25 PM IST
തമിഴ്നാട് സ്വദേശിനിയായ മുത്തുലക്ഷ്മി റെഡ്ഡിയെ ഇന്ത്യയിലെ ആദ്യത്തെ വനിതാ നിയമസഭാംഗമെന്ന് വിശേഷിപ്പിച്ച ഗൂഗിളിനെ തിരുത്തി എൻ.എസ്. മാധവൻ. മുത്തുലക്ഷ്മിയുടെ 133-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഗൂഗിൾ ഡൂഡിലിൽ ഇവരെ ആദരിച്ചത്.
എന്നാൽ ഗൂഗിളിന് തെറ്റ് സംഭവിച്ചുവെന്നും മലയാളിയായ ഡോ. മേരി പുന്നൻ ലൂക്കോസാണ് ഈ പദവിക്ക് അർഹയെന്ന് എൻ.എസ്. മാധവൻ ട്വിറ്ററിൽ കുറിച്ചു. മേരി പുന്നൻ 1924ൽ നിയമസഭാംഗമായതാണെന്നും മുത്തുലക്ഷ്മി റെഡ്ഡി 1927ലാണ് നിയമസഭാംഗമായതെന്നും അദ്ദേഹം തിരുത്തി.
ഇരുവരുടെയും ജീവിതം സമാനമായ രീതിയിലായിരുന്നുവെന്നും അതിനാലാകാം അബദ്ധം സംഭവിച്ചതെന്നും അദേഹം ട്വിറ്ററിൽ കൂട്ടിച്ചേർത്തു. മുത്തുലക്ഷ്മി റെഡ്ഡി മദ്രാസ് നിയമസഭയിലേക്കും മേരി പുന്നൻ ലൂക്കോസ് തിരുവിതാംകൂർ നിയമസഭയിലേക്കുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിലെ ആദ്യത്തെ വനിത സർജൻ ജനറൽ എന്ന ബഹുമതിയും മേരി പുന്നനാണ്.