അഗ്നിപർവത സ്ഫോടനത്തിനു ശേഷം രൂപം കൊണ്ടത് പുതിയ ദ്വീപ്
Saturday, February 9, 2019 3:10 PM IST
തെക്കൻ പസഫിക്ക് സമുദ്രത്തിലെ ഹുംഗ ടോംഗ, ഹുംഗ ഹാപയ് ദ്വീപുകൾക്കു നടുവിൽ രൂപം കൊണ്ട പുതിയ ദ്വീപാണ് ഗവേഷകർക്ക് അത്ഭുതം സമ്മാനിക്കുന്നത്. ഇവിടെ സ്ഥിതി ചെയ്തിരുന്ന ഒരു അഗ്നിപർവതം 2014- 2015 കാലഘട്ടത്തിൽ പൊട്ടിയിരുന്നു. തുടർന്ന് ഇവിടെ വന്ന പുകയും ചാരവും കുമിഞ്ഞു കൂടിയാണ് ഈ പുതിയ ദ്വീപുണ്ടായതെന്നായിരുന്നു ഇതുവരെയുള്ള ഗവേഷകരുടെ നിഗമനം. മാത്രമല്ല ഈ ദ്വീപിനെ എപ്പോഴും നിരീക്ഷിക്കാൻ നാസയും രംഗത്തെത്തിയിരുന്നു.
ഈ ദ്വീപ് നശിച്ചു പോകുമെന്നായിരുന്നു ഏവരുടെയും കണക്ക് കൂട്ടൽ. എന്നാൽ ചെടികൾ മുളച്ചു പൊങ്ങുകയും പക്ഷികൾ കൂട്ടമായി എത്തുവാൻ തുടങ്ങിയതോടെ ഈ ദ്വീപ് കുറയധികം നാൾ നിലനിൽക്കുമെന്ന നിഗമനത്തിൽ ഗവേഷകരെത്തി.
കഴിഞ്ഞ വർഷം നാസ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ഈ ദ്വീപ് ഏകദേശം 30 വർഷത്തോളം നിലനിൽക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. 2017 ഒക്ടോബറിലാണ് നാസയുടെ ഗവേഷക സംഘം ആദ്യമായി ഈ ദ്വീപിൽ എത്തുന്നത്. എന്നാൽ അവരുടെ അന്വേഷണത്തിൽ അഗ്നിപർവത സ്ഫോടനത്തിലുള്ള ചാരമല്ല ദ്വീപിലെ മണ്ണെന്ന് അവർ കണ്ടെത്തി.
ഇളം കറുപ്പ് നിറത്തിലുള്ള പശിമയുള്ള മണ്ണാണിതെന്ന് അവർ അറിയിക്കുന്നു. ഇതിനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്ക് തയാറാകുകയാണ് നാസ. തങ്ങൾ കരുതിയതിലും മുൻപ് ഈ ദ്വീപ് ഇല്ലാതാകാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ വിശ്വസിക്കുന്നു കാരണം ശക്തമായ തിരയും മഴയും കൊണ്ട് ദ്വീപിന്റെ പല ഭാഗങ്ങളും നശിച്ചുകൊണ്ടിരിക്കുകയാണ്.
ജിപിഎസും ഡ്രോണുകളും ഉപയോഗിച്ച് ദ്വീപിന്റെ 3ഡി മാപ്പിംഗിനായുള്ള ശ്രമത്തിലാണ് നാസ ഇപ്പോൾ.