കുഞ്ഞുമനസിന്റെ നന്മയ്ക്ക് അംഗീകാരം; കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ മിടുക്കനെ അഭിനന്ദിച്ച് സ്കൂൾ അധികൃതർ
Friday, April 5, 2019 1:02 PM IST
സൈക്കിൾ കയറി പരിക്കറ്റ കോഴിക്കുഞ്ഞിനെ ചികിത്സിക്കണമെന്ന് അഭ്യർത്ഥിച്ച് പത്തു രൂപയുമായി ആശുപത്രിയിലെത്തിയ മിസോറാമിലെ സൈരങ്ക് സ്വദേശിയായ ഡെറക്ക് മനുഷ്യത്വത്തിന്റെ പ്രതിരൂപമായി മാറിയിരുന്നു. ഒരു കൈയിൽ പത്ത് രൂപയും മറ്റേ കൈയിൽ പരിക്കേറ്റ കോഴിക്കുഞ്ഞുമായി നിഷ്കളങ്ക മുഖത്തോടെ ആശുപത്രിയിലെത്തി നിൽക്കുന്ന ഡെറക്കിനെ രാജ്യം മുഴുവൻ നെഞ്ചിലേറ്റി.
ഇപ്പോഴിതാ കളങ്കമില്ലാത്ത ഈ കുഞ്ഞുമനസിന്റെ ഉടമയെ തേടി അംഗീകാരവും എത്തിയിരിക്കുകയാണ്. ഡെറക്ക് പഠിക്കുന്ന സ്കൂൾ അധികൃതരാണ് മനസ് നിറയെ നന്മ മാത്രമുള്ള ഈ കൊച്ചു മിടുക്കനെ അഭിനന്ദിച്ചത്.
ഡെറക്ക് വീടിനു സമീപത്ത് കൂടി സൈക്കിൾ ഓടിക്കുമ്പോഴാണ് അബദ്ധത്തിൽ സൈക്കിൾ ടയർ കോഴിക്കുഞ്ഞിന്റെ ശരീരത്തു കൂടി കയറിയിറങ്ങിയത്. ആകെ വിഷമത്തിലായ ഡെറക്ക് കൈവശമുണ്ടായിരുന്ന പത്ത് രൂപയുമായി ആശുപത്രിയിലെത്തി സഹായം അഭ്യർത്ഥിച്ചു. സാങ്ക എന്നയാൾ ആണ് ആശുപത്രിയിൽ എത്തി നിൽക്കുന്ന ഡെറക്കിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. മിനിട്ടുകൾക്കുള്ളിൽ ചിത്രം വൈറലായി മാറുകയും ചെയ്തു.