വയസ് 54, ഈ പ്രായത്തിലും എന്നാഒരു ഇതാ..! മൈക്ക് ടൈസന്റെ പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
Wednesday, October 21, 2020 3:04 PM IST
മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ മൈക്ക് ടൈസൺ ബോക്സിംഗ് റിംഗിലേക്ക് തിരിച്ചു വരുന്നുവെന്ന വാർത്തകൾ ഏറെ നാളായി കേട്ടു തുടങ്ങിയിട്ട്. റോയ് ജോൺസ് ജൂനിയറുമായുള്ള ടൈസന്റെ ഏറ്റുമുട്ടൽ അടുത്ത മാസമാണ്. ഇതിനായുള്ള തയാറെടുപ്പുകളും താരം തുടങ്ങിയിരുന്നു. ടൈസന്റെ പരിശീലന വീഡിയോകൾ ഇതിനോടകം വൈറലാണ്.
ഇപ്പോഴിത ടൈസന്റെ പുതിയ ചിത്രവും പുറത്തുവന്നിരിക്കുന്നു. ഒരു 54 വയസുകാരനിൽ നിന്ന് പ്രതീക്ഷിക്കാവുന്നതിനുമപ്പുറമുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. മുൻ ഹെവിവെയ്റ്റ് ചാമ്പ്യൻ കൂടിയായ ഷാനൻ ബ്രിഗ്സാണ് പുതിയ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടത്.
ഇതിൽ ടൈസൺ തന്റെ മസിലുകൾ കാണിക്കുന്നുണ്ട്. ഇതാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. 51 കാരനായ റോയ് ജോൺസ് ജൂനിയറിന്റെ കാര്യം പോക്കാണെന്നാണ് ടൈസൺ ആരാധകരുടെ കമന്റ്.
കലിഫോർണിയയിൽ നടക്കുന്ന മത്സരം ബോക്സിംഗ് ആരാധകർക്ക് ആവേശകാഴ്ചയാകുമെന്നതിൽ തർക്കമില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള ധനസമാഹരണത്തിനാണ് താരങ്ങൾ വീണ്ടും റിംഗിലെത്തുന്നത്.

51 കാരനായ ജോൺസ് 2018 ലാണ് വിരമിച്ചത്. ഇരുപതാം വയസിൽ ലോക ചാമ്പ്യനായ താരമാണ് മൈക്ക് ടൈസൺ. ഇതുവരെ ആ ലോക റിക്കാർഡ് മറികടക്കാൻ മറ്റൊരു താരത്തിനും സാധിച്ചിട്ടില്ല. 2005ലാണ് വിരമിച്ചത്.
20 വര്ഷം നീണ്ട കരിയറിനിടയിൽ നേരിട്ട 50 എതിരാളികളില് 44 പേരേയും ടൈസൺ ഇടിച്ചിട്ടു. "അയൺ ടൈസൺ' എന്ന പേരാണ് ഇടിക്കൂട് ടൈസണ് സമ്മാനിച്ചത്. ഇടിക്കൂട്ടിൽ എതിരാളികളെ ഇടിച്ചിടുമ്പോഴും പുറത്ത് വിവാദങ്ങൾ നിറഞ്ഞതായിരുന്നു ടൈസന്റെ ജീവിതം. പീഡനക്കേസിലടക്കം നിരവധി തവണ ജയിൽവാസം അനുഭവിച്ചു. മൂന്ന് വിവാഹം ചെയ്ത ടൈസൺ ഏഴ് കുട്ടികളുടെ പിതാവാണ്.