മാംഗോ ജ്യൂസ് കുടിച്ച് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക; നിങ്ങൾ പെട്ടുപോയേക്കാം, ഇവരെപ്പോലെ..
Thursday, November 14, 2019 7:16 PM IST
മാങ്ങ ജ്യൂ​സ് കു​ടി​ച്ച സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റും ക​ണ്ട​ക്‌ട​റും പോ​ലീ​സി​ന്‍റെ മ​ദ്യ​പ​രി​ശോ​ധ​യി​ൽ കു​ടു​ങ്ങി.

ബുധനാഴ്ച വൈ​കു​ന്നേ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും സ്വ​കാ​ര്യ ബ​സ് കോ​ട്ട​യ​ത്തി​നു വ​രു​ന്പോ​ഴാ​ണു സം​ഭ​വം. വ​ഴി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് ബ​സ് കൈ​കാ​ണി​ച്ചു നി​ർ​ത്തി​യ​ശേ​ഷം ഡ്രൈ​വ​റോ​ടു ബ്രീ​ത്ത് അ​ന​ലൈ​സ​റി​ലേ​ക്കു ഉൗ​താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ ഡ്രൈ​വ​ർ ഉൗ​തു​ക​യും ബ്രീ​ത്ത് അ​ന​ലൈ​സ​റി​ൽ നി​ന്നും ബീ​പ് ശ​ബ്ദം കേ​ൾ​ക്കു​ക​യും ചെ​യ്തു.

ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ് പോ​ലീ​സ് ബ​സ് ഓ​ടി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞു. പ്ര​ശ്ന​ത്തി​ൽ ക​ണ്ട​ക്‌ട​ർ ഇ​ട​പെ​ട്ടു. ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ല്പം മു​ന്പ് പത്തു രൂ​പ​യു​ടെ പായ്ക്കറ്റിൽ കിട്ടുന്ന മാങ്ങ ജ്യൂ​സ് കു​ടി​ച്ച​താ​യി​രി​ക്കും ബീ​പ് ശ​ബ്ദം കേ​ൾ​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​മെ​ന്നും ക​ണ്ട​ക്‌ട​ർ വീ​ശ​ദി​ക​രി​ച്ചു.

ക​ണ്ട​ക്‌ട​റോ​ട് ബ്രീ​ത്ത് അ​ന​ലൈ​സ​റി​ലേ​ക്ക് ഉൗ​താ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു മി​നി​റ്റ് പോ​ലും താ​മ​സി​ക്കാ​തെ ക​ണ്ട​ക്‌ട​ർ ഉൗ​തി​യെ​ങ്കി​ലും ബീ​പ് ശ​ബ്്ദം കേ​ട്ട​തു​മി​ല്ല. ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് ഉ​റ​പ്പി​ച്ചു.

എ​ന്നാ​ൽ മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്നു ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ​തോ​ടെ മ​റ്റൊ​രു പ​രീ​ക്ഷ​ണ​ത്തി​നു പോ​ലീ​സ് ത​യാ​റാ​യി. സ​മീ​പ​ത്തു​ള്ള ക​ട​യി​ൽനിന്ന് 10 രൂ​പ​യു​ടെ മാങ്ങ ജ്യൂ​സ് വാ​ങ്ങി കു​ടി​ക്കാ​ൻ പോ​ലീ​സ് ക​ണ്ട​ക്‌ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ ക​ണ്ട​ക്‌ട​ർ ക​ട​യി​ലെ​ത്തി മാങ്ങ ജ്യൂ​സ് വാ​ങ്ങി കു​ടി​ച്ചു.

അ​ല്പ​സ​മ​യ​ത്തി​നു​ശേ​ഷം വീ​ണ്ടും ബ്രീ​ത്ത് അ​ന​ലൈ​സ​റി​ലേ​ക്ക് ഉൗ​താ​ൻ പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത്ത​വ​ണ ക​ണ്ട​ക്‌ട​ർ ബ്രീ​ത്ത് അ​ന​ലൈ​സ​റി​ലേ​ക്ക് ഉൗ​തി​യ​തും ഞൊ​ടി​യി​ട​യ്ക്കു​ള്ളി​ൽ ബീ​പ് ശ​ബ്ദം കേ​ട്ടു.

ക​ണ്ട​ക്‌ട​റും ഡ്രൈ​വ​റും പ​റ​ഞ്ഞ​തു സ​ത്യ​മാ​ണെ​ന്ന് പോ​ലീ​സി​നു ബോ​ധ്യ​പ്പെ​ടു​ക​യും ബ​സ് പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.