കസാഖ്സ്ഥാനിലെ ഉലി ദല 27/1 തെരുവിലെ ഒരു ഫ്ളാറ്റ് സമുച്ചയത്തിന്‍റെ എട്ടാംനിലയില്‍ തൂങ്ങിക്കിടന്ന മൂന്നുവയസുകാരിയെ അതിസാഹസികമായി രക്ഷിച്ചു അയല്‍ക്കാരന്‍. ഷൊന്താക്ബേവ് സാബിത് എന്നയാളാണ് കുട്ടിയെ രക്ഷിച്ചത്.

ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. മൂന്നുവയസുകാരിയെ ഒറ്റയ്ക്കാക്കി മാതാപിതാക്കള്‍ പുറത്തേക്ക് പോയിരിക്കുകയായിരുന്നു. ഫ്ളാറ്റിന്‍റെ ജനാലവഴി താഴേക്കുവഴുതിയ കുട്ടി ജനാലായുടെ അറ്റത്ത് തൂങ്ങിക്കിടക്കുകയായിരുന്നു.

സംഭവം കണ്ട അയല്‍ക്കാര്‍ നൂര്‍ സുല്‍ത്താനിലെ അത്യാഹിത സഹായ സേനയെ അറിയിച്ചെങ്കിലും സേനയ്ക്ക് സമയത്ത് അവിടെയെത്താന്‍ കഴിയുമായിരുന്നില്ല. ഇതു മനസിലാക്കിയ ഷൊന്താക്ബേവ് സാബിത് സമയോചിതമായി ഇടപെടുകയായിരുന്നു.

മുകളിലേക്ക് കയറി ഫ്ളാറ്റിന്‍റെ ഏഴാം നിലയിലെത്തിയ സാബിത് കുട്ടിയുടെ കാലില്‍ പിടിച്ചു കുട്ടിയെ ഏഴാം നിലയിലുള്ള മറ്റൊരാള്‍ക്ക് കൃത്യമായി കൈമാറുകയായിരുന്നു.

യാതൊരു സുരക്ഷാ ഉപകരണങ്ങളൊ മുന്നൊരുക്കങ്ങളൊ ഇല്ലാതെയാണ് സാബിത് ഈ സാഹസത്തിനിറങ്ങിയത്. സാബിത് നടത്തിയ ഈ ധീരകൃത്യം ശ്വാസമടക്കിപ്പിടിച്ചാണ് മറ്റുള്ളവര്‍ കണ്ടുനിന്നത്.

സ്വന്തം ജീവനേക്കാള്‍ ഒരു കുഞ്ഞിന്‍റെ ജീവന് വിലകല്‍പിച്ച ഷൊന്താക്ബേവ് സാബിത്തിനെ കസാഖ്സ്ഥാന്‍ സര്‍ക്കാര്‍ ആദരിച്ചു.

വീഡിയൊ സോഷ്യല്‍ മീഡിയ വഴി പുറംലോകം അറിഞ്ഞതോടെ നിരവധിയാളുകളാണ് സാബിത്തിനെ അഭിനന്ദിച്ചു മുന്നോട്ടുവരുന്നത്.