കുടിക്കുക കുപ്പിവെള്ളം മാത്രം; ഉടമയെ "വെള്ളം കുടിപ്പിക്കുന്ന' നായ
Monday, May 30, 2022 10:53 AM IST
സാധാരണയായി നായകള്‍ ഒരു പരന്ന പിഞ്ഞാണത്തില്‍ വെള്ളം കുടിക്കാറാണല്ലൊ പതിവ്. എന്നാല്‍ ഇംഗ്ലണ്ടിലെ എക്സീറ്റര്‍ നഗരത്തിലുള്ള ലിസി പള്ളിസ്റ്ററുടെ ഹെന്‍ട്രി എന്ന നായ ഇക്കാര്യത്തില്‍ അല്‍പം വ്യത്യസ്തനാണ്.
സാദാ പൈപ്പ് വെള്ളം ഇവന്‍ ഗൗനിക്കാറെയില്ല. കുപ്പിയില്‍ കൊണ്ടു വരുന്ന കുടിവെള്ളം മാത്രമാണ് ഫ്രഞ്ച് ബുള്‍ഡോഗ് ഇനത്തിലുള്ള ഈ നായ കുടിക്കുക. ഹെന്‍ട്രിയുടെ ഈ ശീലം കാരണം പെട്ടിരിക്കുകയാണ് ഉടമ ലിസി. മാസം 40 പൗണ്ടാണ് കുപ്പി വെള്ളത്തിനായി ലിസി ചെലവാക്കുന്നത്.
ഹെന്‍ട്രിയെ കബളിപ്പിക്കാനായി ലിസി കുപ്പിയില്‍ പൈപ്പ് വെള്ളം നിറയ്ക്കാറുണ്ട്. എന്നാലിത് തിരിച്ചറിയുന്ന ഹെന്‍ട്രി തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്ന് അവർ പറയുന്നു. ഹെന്‍ട്രിയുടെ മുന്നില്‍വച്ചു തന്നെ കുപ്പി പൊട്ടിച്ച് വെള്ളം പാത്രത്തില്‍ ഒഴിച്ചു കൊടുക്കാറാണ് പതിവ്.
തന്‍റെ മകള്‍ കുപ്പി വെള്ളം കുടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാകാം ഹെന്‍ട്രിക്ക് ഇത്തരമൊരു ശീലമുണ്ടയാതെന്നാണ് ലിസി കരുതുന്നത്. ഈയിനത്തിലെ നായകള്‍ സമാന സ്വഭാവം കാണിക്കുന്നതായി അനുഭവമുണ്ടെന്ന് ഹെന്‍ട്രിയുടെ വാര്‍ത്തയറിഞ്ഞ പലരും സമൂഹ മാധ്യമങ്ങളില്‍ക്കൂടി അഭിപ്രായപ്പെടുന്നു.