ക്രാഷ് ടെസ്റ്റ് പരീക്ഷണത്തിന് ബലിയാടായി ജീവനുള്ള പന്നികൾ; പ്രതിഷേധമുയരുന്നു
Wednesday, November 13, 2019 1:01 PM IST
കാറുകളുടെ ക്രാഷ് ടെസ്റ്റ് പരീക്ഷണത്തിനായി ഉപയോഗിച്ചത് ജീവനുള്ള പന്നികളെ. ചൈനയിൽ നിന്നുമാണ് ഏറെ ഞെട്ടലുളവാക്കുന്ന റിപ്പോർട്ടുകൾ വരുന്നത്. ഏകദേശം 15ലധികം പന്നികളെ ഇത്തരത്തിൽ ഉപയോഗിച്ചുവെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
ഡ്രൈവറില്ലാത്ത കാറിനുള്ളിൽ പന്നികളെ ഇരുത്തിയതിന് ശേഷം കാർ മതിലിലും മറ്റും ഇടിപ്പിക്കുകയായിരുന്നു. പരീക്ഷണങ്ങൾക്കിടയിൽ ഏഴ് പന്നികൾ ചത്തുവെന്നും എട്ട് പന്നികൾക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ട പന്നികളുടെ ആന്തരീകാവയവങ്ങൾ തകർന്ന നിലയിലായിരുന്നു. പരീക്ഷണത്തിന് ഒരു ദിവസം മുൻപ് പന്നികളെ പട്ടിണിക്കിട്ടുവെന്നും ആറ് മണിക്കൂർ വെള്ളം പോലും നൽകാതിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഇതെല്ലാം കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള പരീക്ഷണമായിരുന്നുവെന്നാണ് ഗവേഷകരുടെ വാദം. ആറ് വയസിൽ താഴെയുള്ള കുട്ടികൾക്കു പ്രത്യേകതമായി നിർമിക്കുന്ന സീറ്റ് ബെൽറ്റിനുവേണ്ടിയാണ് ഈ പരീക്ഷണം നടത്തിയതെന്നും ചെറിയ പന്നികളുടെയും കുട്ടികളുടെയും ആന്തരീകാവയവങ്ങളുടെ ഘടന ഒരുപോലെയാണെന്നും ഇവർ പറയുന്നു.
ക്രാഷ് ടെസ്റ്റിനായി പന്നികളെ കോണ്ടുപോകുന്നതിന്റെ ചിത്രങ്ങൾ വൈറലായി മാറുകയാണ്. ഇതിനെതിരെ ലോകമെമ്പാടും പ്രതിഷേധമുയരുന്നുമുണ്ട്.