500 മീറ്റര്‍ പേപ്പറില്‍ ഖുറാന്‍ പകർത്തിയെഴുതി ലോകറിക്കാര്‍ഡ് തീര്‍ത്ത് 27കാരന്‍; ഏഴുമാസത്തെ പരിശ്രമം
Wednesday, July 27, 2022 3:50 PM IST
ഓരോ ദിവസവും വേറിട്ട റിക്കാര്‍ഡുകളുടെ വാര്‍ത്തകളാണല്ലൊ ലോകത്തിന്‍റെ പല കോണുകളില്‍ നിന്നായി കേള്‍ക്കാറുള്ളത്. ഇപ്പോളിതാ വേറിട്ടൊരു റിക്കാര്‍ഡിനുടമ കാഷ്മീരില്‍ നിന്നും എത്തിയിരിക്കുകയാണ്.
കാഷ്മീരിലെ ഗുറെസ് താഴ്വരയിലെ ബണ്ടിപ്പോരയിലുള്ള മുസ്തഫാ ബിന്‍ ജമീല്‍ എന്ന 27 കാരനാണ് ഖുറാന്‍ പകർത്തിയെഴുതി റിക്കാര്‍ഡിലിടം പിടിച്ചത്. 14.5 ഇഞ്ച് വീതിയിലും 500 മീറ്റര്‍ നീളത്തിലുമുള്ള പേപ്പറില്‍ ഏഴുമാസം കൊണ്ടാണ് മുസ്തഫ ഖുറാന്‍ പകർത്തിയെഴുതി തീര്‍ത്തത്.
ഒരു ദിവസം 18 മണിക്കൂറോളം തുടര്‍ച്ചയായി അദ്ദേഹം എഴുത്തിനായി സമയം ചിലവഴിച്ചിരുന്നു. കൈയക്ഷരം മനോഹരമാക്കാനുള്ള കാലിഗ്രഫി അഭ്യസിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മുസ്തഫ ഖുറാന്‍ പകർത്തിയെഴുതി തുടങ്ങിയത്.
കാഷ്മീരി ഫോട്ടോ ജേര്‍ണലിസ്റ്റായ ബാസിത് സാഗര്‍ ഈ സംഭവത്തിന്‍റെ വീഡിയോ തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരുന്നു. അതോടെ വാര്‍ത്ത വൈറലാവുകയായിരുന്നു. അല്‍ ജസീറയടക്കമുള്ള നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലുമിത് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ലിങ്കണ്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് മുസ്തഫ.