തോക്ക് ചൂണ്ടി ഭീഷണപ്പെടുത്തിയ മോഷ്ടാവിനെ വിറപ്പിച്ച് ഹോട്ടൽ ജീവനക്കാരി; പിന്നെ സംഭവിച്ചത്
Wednesday, October 16, 2019 4:16 PM IST
ഹോട്ടലിനുള്ളിൽ അതിക്രമിച്ച് കടന്ന മോഷ്ടാവിനെ വനിത ജീവനക്കാരി നേരിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അമേരിക്കയിലെ കെന്റക്കിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണ് സംഭവം. കോറി ഫിലിപ്സ് എന്നു പേരുള്ള 26കാരനാണ് മോഷണത്തിനായി ഇവിടെ എത്തിയത്.
സ്ഥാപനത്തിനുള്ളിൽ പ്രവേശിച്ച ഇയാൾ തോക്ക് ചൂണ്ടി ജീവനക്കാരിയെ ഭീഷണപ്പെടുത്തുകയായിരുന്നു. മോഷ്ടാവ് ആവശ്യപ്പെട്ടതനുസരിച്ച് ജീവനക്കാരി പെട്ടിയിൽ നിന്നും പണം എടുത്ത് ഇയാൾക്ക് നൽകി. കൈയിലിരുന്ന തോക്ക് മേശയിൽ വച്ചതിന് ശേഷമായിരുന്നു ഇയാൾ പണം എടുത്തത്.
ഈ നിമിഷം തോക്ക് കൈക്കലാക്കിയ ജീവനക്കാരി അത് ചൂണ്ടി മോഷ്ടാവിനെ ഓടിക്കുകയായിരുന്നു. പുറത്തേക്ക് ഇറങ്ങിയ അദ്ദേഹം മടങ്ങി വന്ന് ജീവനക്കാരിയുടെ പക്കൽനിന്നും തോക്ക് കൈക്കലാക്കുവാൻ ശ്രമിച്ചെങ്കിലും ജീവനക്കാരി വീണ്ടും തോക്ക് ചൂണ്ടി അയാളെ ഓടിച്ചു വിട്ടു.
ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിനുള്ളിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വൈറലായി മാറുകയാണ്. നിരവധിയാളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.