ഒന്നിപ്പിക്കാൻ ഒന്നായി; ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം നടത്തി നൽകാൻ മുസ്ലീം ജമാഅത്ത് കമ്മിറ്റി
Saturday, January 4, 2020 1:20 PM IST
മതത്തിന്റെ മതിൽകെട്ടുകൾക്കപ്പുറം ലോകത്തിനു മുഴുവൻ മാതൃകയാകുന്ന സ്നേഹസന്ദേശം പകർന്ന് കായംകുളം ചേരാവള്ളി മുസ്ലിം ജമാഅത്ത്. നിർധനയായ ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം നടത്തുവാനാണ് മുസ്ലീം സമുദായാംഗങ്ങൾ മുൻകൈ എടുത്തത്.
കായംകുളം ചേരവള്ളി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകൾ അഞ്ജുവിന്റെ വിവാഹം പണമില്ലാത്തതിന്റെ പേരിൽ നടക്കില്ലെന്ന ഘട്ടം വന്നപ്പോൾ പെണ്‍കുട്ടിയുടെ മാതാവ് സഹായാഭ്യർഥനയുമായി പള്ളി കമ്മിറ്റിയിൽ സമീപിച്ചിരുന്നു.
തുടർന്നാണ് വിവാഹം നടത്തി നൽകുവാൻ കമ്മിറ്റി തീരുമാനിച്ചത്. കാപ്പിൽ സ്വദേശി ശരത് ശശിയുമായി ജനുവരി 19നാണ് അഞ്ജുവിന്റെ വിവാഹം. ചേരാവള്ളി ജമാഅത്ത് പള്ളി അങ്കണത്ത് വച്ചാണ് ചടങ്ങുകൾ നടക്കുക. വിവാഹത്തിനുള്ള ക്ഷണകത്തും പള്ളി കമ്മിറ്റി തയാറാക്കിയിട്ടുണ്ട്.
അഞ്ഞൂറ് പേർക്കുള്ള സദ്യയാണ് ഒരുക്കുന്നത്. പത്ത് പവനും രണ്ട് ലക്ഷം രൂപയും പെണ്‍കുട്ടിക്ക് കമ്മിറ്റി നൽകും. ഇതിൽ രണ്ട് ലക്ഷം രൂപ പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുവാനാണ് തീരുമാനം.