ദക്ഷിണ കര്‍ണാടകയിലെ ബെല്‍ത്താങ്കടി താലൂക്കിലെ ലൈലാ വില്ലേജിലെ ഒരു കോഴിയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. അതിന് കാരണം ഈ കോഴിയിട്ട മുട്ടയുടെ രൂപമാറ്റമാണ്. സാധാരണയായി കോഴികള്‍ ഇടുന്ന മുട്ട ദീര്‍ഘവൃത്താകൃതിയിലാണല്ലൊ. എന്നാല്‍ ഈ കോഴിയിട്ട മുട്ടയ്ക്ക് കശുവണ്ടിയുടെ രൂപമാണ്.

കഴിഞ്ഞ ദിവസമാണ് തന്‍റെ കോഴി ഇട്ട മുട്ടയുടെ രൂപമാറ്റം ഉടമ പ്രശാന്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. അപൂര്‍വമായി സംഭവിച്ചതാണെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. എന്നാല്‍ തുടര്‍ച്ചയായി മൂന്നുദിവസവും കോഴിയിട്ടത് കശുവണ്ടി രൂപത്തിലുള്ള മുട്ട തന്നെയായിരുന്നു. അതോടെ പ്രശാന്തിനും കൗതുകമായി.

വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ക്കും ഇതൊരു അത്ഭുതക്കാഴ്ചയായിരുന്നു. വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞതോടെ കോഴിയും വ്യത്യസ്ത മുട്ടയും വൈറലാവുകയായിരുന്നു.

മുട്ടത്തോട് രൂപീകരണ സമയത്തെ എന്തെങ്കിലും അപാകതയൊ അല്ലെങ്കില്‍ വിര ശല്യം മൂലമൊ ആകാം ഇത്തരമൊരു രൂപ മാറ്റമെന്നാണ് മൃഗഡോക്ടര്‍മാര്‍ പറയുന്നത്.

ഇതാദ്യമായല്ല മുട്ട വ്യത്യസ്ത രൂപത്തില്‍ കാണപ്പെടുന്നത്. മുമ്പ് ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ പിതാംപുരത്തെ പലചരക്ക് കച്ചവടക്കാരന്‍ സതി ബാബുവിന്‍റെ കോഴിയിട്ട മുട്ടയ്ക്ക് മാങ്ങയുടെ രൂപമായിരുന്നു.