വിമാനത്തിൽ കയറിപ്പറ്റാൻ കഴിച്ചത് 30 കിലോ ഓറഞ്ച്!
Friday, January 29, 2021 4:49 PM IST
ബസിലോ ട്രെയിനിലോ ഓടിച്ചെന്നു കയറുന്നതുപോലെ വിമാനത്തിൽ കയറാൻ ചെന്നാൽ പണി പാളും. അതിന് അതിന്റേതായ നിയമവും നടപടിയുമൊക്കെയുണ്ട്. പറക്കുന്ന വാഹനം ആയതിനാൽ വഹിക്കാവുന്ന ഭാരത്തിനും കർശന നിബന്ധനയുണ്ട്.
ഓരോ യാത്രക്കാരനും കൊണ്ടുപോകാവുന്ന ലഗേജിനും കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ആ പരിധിയിൽ കൂടുതലാണ് ലഗേജ് എങ്കിൽ ചിലപ്പോൾ അധിക തുക നൽകേണ്ടി വരും. ലഗേജ്മൂലം വലഞ്ഞ ഒരു യാത്രക്കാരന്റെ കഥ കേൾക്കൂ..
തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുൻമിംഗിലെ ഒരു വിമാനത്താവളത്തിലാണ് സംഭവം. നാലു പേരു വിമാനത്തിൽ കയറാൻ വന്നു. കൂടെ 30 കിലോ ഓറഞ്ചു നിറച്ചൊരു പെട്ടിയും. എന്നാൽ, വിമാനത്താവളത്തിലെത്തിയപ്പോൾ സംഗതി കുഴഞ്ഞു. ഓറഞ്ച് നിറച്ച പെട്ടി കൂടി കയറ്റണമെങ്കിൽ 3,384 രൂപ അധികമായി നൽകണം. ഇരു കൂട്ടരുമായി തർക്കമായി.
ഒരു കാരണവശാലും പണം നൽകില്ലെന്നായി നിലപാടിലായിരുന്നു നാലു പേരും. എങ്കിൽ വിമാനത്തിൽ കയറാൻ പറ്റില്ലെന്നു ജീവനക്കാരും. അതോടെ വാശികയറിയ നാലംഗസംഘം കുത്തിയിരുന്ന് ഓറഞ്ച് മുഴുവൻ തിന്നുതീർത്തു. ജീവനക്കാർ അന്തംവിട്ടുനിൽക്കവേ ഓറഞ്ച് അകത്താക്കിയ ശേഷം ഇനി കൊണ്ടുപോകാമല്ലോ എന്ന മട്ടിൽ അവർ പുഞ്ചിരിച്ചു.
വാങ് എന്നയാളും സഹപ്രവർത്തകരുമാണ് ഫീസ് കൂടുതലാണെന്നു പറഞ്ഞ് ഒാറഞ്ച് കഴിച്ചു പ്രശ്നം പരിഹരിച്ചത്. "ഞങ്ങൾ അവിടെനിന്നുതന്നെ മുഴുവൻ കഴിച്ചു. ഏകദേശം 20- 30 മിനിറ്റ് സമയത്തിനുള്ളിൽ കഴിച്ചു തീർത്തു.- വാങ് ഗ്ലോബൽ ടൈംസിനോടു പറഞ്ഞു. പക്ഷേ, അസാധാരണമായ ഓറഞ്ചു തീറ്റ മൂലം വായിൽ അൾസർ ബാധിച്ചിരിക്കുകയാണ് നാലു പേർക്കും.
അസ്വസ്ഥത കലശലായതോടെ ഇനി ഓറഞ്ചു തിന്നില്ല എന്ന തീരുമാനത്തിലേക്കും എത്തിയിരിക്കുകയാണ് ഇവർ. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പലരും പൊട്ടിച്ചിരിച്ചും കളിയാക്കിയുമൊക്കെ കമന്റുകളും കൊഴുക്കുകയാണ്.
ഒറ്റ ബാഗിൽ നിറച്ചതല്ലേ പ്രശ്നം. കുറച്ചുവീതം നാലു ലഗേജുകളിലായി ഓറഞ്ച് പാക്ക് ചെയ്തിരുന്നെങ്കിൽ പ്രശ്നം ഒഴിവാക്കാൻ കഴിയുമായിരുന്നില്ലേ എന്നു ചിലർ ചോദിക്കുന്നുണ്ട്.