ഇങ്ങനെയൊക്കെ ചെയ്യാമോ..! വിമാനത്തിൽ പത്തൊന്പതുകാരിയുടെ തന്ത്രം പാളി
Sunday, May 21, 2023 1:50 PM IST
പിഴയടയ്ക്കുന്നതിൽനിന്ന് ഒഴിവാകാൻ പലരും പലവിധ തന്ത്രങ്ങളും പയറ്റാറുണ്ട്. അത്തരം ഞൊടുക്കുവിദ്യകളിലൂടെ മിക്കവരും രക്ഷപ്പെടാറുമുണ്ട്. എന്നാൽ, ഓസ്ട്രേലിയക്കാരിയായ അഡ്രിയാന ഒകാമ്പോ എന്ന പത്തൊന്പതുകാരി പിഴ അടയ്ക്കാതിരിക്കാൻ കാട്ടിയ തന്ത്രം പാളിയെന്നു മാത്രമല്ല, ആകെ ചമ്മുകയും ചെയ്തു.

അഡ്രിയാനയും സുഹൃത്തായ എമിലി അൽതമുറയും ഒരു ട്രിപ്പ് കഴിഞ്ഞ് മെൽബണിൽനിന്ന് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിലെ സ്വന്തം വീട്ടിലേക്കു വിമാനത്തിൽ മടങ്ങുകയായിരുന്നു. വസ്ത്രങ്ങളും യാത്രയ്ക്കിടെ വാങ്ങിയ വസ്തുക്കളുമടക്കം ബാഗ് നിറയെ സാധങ്ങളുണ്ടായിരുന്നു.

വിമാനത്തിൽ കൊണ്ടുപോകാവുന്ന ബാഗിന്‍റെ ഭാരം പരമാവധി ഏഴ് കിലോ ആണെന്ന് ഇരുവർക്കുമറിയാം. എന്നാൽ, വിമാനത്തിൽ ബാഗ് ആരും പരിശോധിക്കില്ലെന്നാണ് അവർ കരുതിയത്.

പക്ഷേ, അവരുടെ പ്രതീക്ഷ തെറ്റി. വിമാനത്തിൽ ജീവനക്കാർ ബാഗ് പരിശോധിക്കുന്നത് കണ്ടതോടെ ഇവർക്കു വെപ്രാളമായി. അഡ്രിയാന ഉടൻതന്നെ ബാഗ് തുറന്നു വസ്ത്രങ്ങൾ ഓരോന്നായി പുറത്തെടുത്ത് ധരിക്കാൻ തുടങ്ങി. സുഹൃത്ത് എമിലിയും അങ്ങനെത്തന്നെ ചെയ്തു.


ധരിച്ചിരിക്കുന്ന വസ്ത്രത്തിന്‍റെ തൂക്കം നോക്കില്ലല്ലോ എന്നായിരുന്നു ഇവരുടെ ചിന്ത. അഡ്രിയാന ഈവിധം 15 വസ്ത്രങ്ങളാണ് ഒന്നിനുമേൽ ഒന്നായി ധരിച്ചത്. അതിൽ ടീഷർട്ടുകളും ട്രൗസറും ജാക്കറ്റുകളുമൊക്കെ ഉണ്ടായിരുന്നു. ഇവയുടെ ആകെ തൂക്കം ആറ് കിലോഗ്രാം.

ഇത്രയൊക്കെ ചെയ്തിട്ടും രക്ഷപ്പെടാനായില്ലെന്നതാണു സങ്കടകരമായ കാര്യം! കാരണം അഡ്രിയാനയുടെ ബാഗിൽ അപ്പോഴും ഒരു കിലോ അധികമുണ്ടായിരുന്നു. അതിനാൽതന്നെ അവൾക്ക് അതിനുള്ള പണവും അടയ്ക്കേണ്ടി വന്നു. നിറയെ വസ്ത്രം ധരിച്ച് നിൽക്കുന്ന അഡ്രിയാനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് നാണക്കേടായതു മിച്ചം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.