വീട്ടിൽ ചുമർചിത്രമൊരുക്കിയ പാലക്കാട്ടുകാരി റിക്കാർഡ് ബുക്കിൽ
Friday, July 2, 2021 3:09 PM IST
സ്വന്തം വീട്ടുചുമരിൽ വർണമനോഹരമായ ചിത്രം വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടിയിരിക്കുകയാണ് പാലക്കാട് കുലുക്കല്ലൂരിലെ ഫാത്തിമ സഫ്വാന എന്ന കൗമാരകലാകാരി.
നാടിന്റെ അഭിമാനമായി മാറിയ ഈ കലാകാരി കുലുക്കല്ലൂർ മപ്പാട്ടുകര പള്ളിയാൽതൊടിയിൽ ചോലക്കത്തൊടി മുഹമ്മദ് ബഷീറിന്റെയും ഹസീനയുടേയും മകളാണ്.
സ്വന്തം വീട്ടിലെ ഗോവണിപ്പടികളോടു ചേർന്ന ചുമരിലാണ് നീണ്ട മരച്ചില്ലകളും ഇലകളും പൂക്കളും നിറഞ്ഞ വർണമനോഹരമായ ചിത്രം ഒരുക്കി ശ്രദ്ധേയയായത്. ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയ ഈ ചുമർചിത്രത്തിന് 250 സെന്റീമീറ്റർ നീളവും 400 സെന്റീമീറ്റർ ഉയരവുമുണ്ട്.
ചിത്രത്തിനു ചുറ്റും മനോഹരമായ കാലിഗ്രാഫികളും ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ട്. ഫാബ്രിക് പെയിന്റും അക്രിലിക് പെയിന്റുമാണ് ചിത്രരചനയ്ക്കായി ഉപയോഗിച്ചതെന്ന് ഫാത്തിമ പറഞ്ഞു.
തുടർച്ചയായ ആറു മണിക്കൂറുകൊണ്ടാണ് ചുമർചിത്രം പൂർത്തിയായത്. ഇടം കൈവഴക്കമുള്ള സഫ്വാന ഇടത്തെ കൈകൊണ്ടു തന്നെയാണ് ഈ ചുമർ ചിത്രവും വരച്ചത്. പൊട്ടച്ചിറ എംടിഐ സെൻട്രൽ സ്കൂളിലെ വിദ്യാർഥിയായ ഈ കലാകാരി പത്താംതരം പരീക്ഷയെഴുതി റിസൽട്ടിനായി കാത്തിരിക്കുകയാണ്.
ഇതിനോടകം നിരവധി ചുമർചിത്രങ്ങളും കാലിഗ്രാഫികളും ക്രാഫ്റ്റ് വേലകളും സഫ്വാന ചെയ്തിട്ടുണ്ട്. അംഗീകാരങ്ങൾ നേടിയ മറ്റു കലാകാരൻമാർ തന്നെയാണ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ സ്ഥാനം നേടാൻ ഇവർക്കും പ്രചോദനമായത്.