ഒരു കടലാസും ബ്രഷും കൂടെ കാപ്പിപൊടിയും; അബിന്റെ കൈയിൽ അത് ചിത്രങ്ങളായി മാറും
Friday, January 7, 2022 3:58 PM IST
ഒരു കടലാസും ബ്രഷും, ഒരു കുഞ്ഞു കൂടു കാപ്പിപൊടിയും. അതുമതി അബിൻ എന്ന കലാകാരന്റെ കരവിരുതിലൂടെ മിഴിവാർന്ന ചിത്രങ്ങൾ തെളിയാൻ.
മിനിറ്റുകൾ കൊണ്ട് തീർക്കുന്ന ചിത്രങ്ങളുമായി അബിൻ നടന്നു കയറിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്കാണ്. അതും വെറും അഞ്ചു മണിക്കൂറുകൾ കൊണ്ട് ഇരുപതു സിനിമ താരങ്ങളുടെ ചിത്രം വരച്ചു കൊണ്ട്.
കാരശേരി നാഗേരിക്കുന്നത്ത് വീട്ടിൽ ബാബുരാജിന്റെയും പുഷ്പ്പയുടെയും മകനായ അബിൻ എൽപി സ്കൂളിൽ പഠിക്കുമ്പോഴേ തുടങ്ങിയതാണ് ചിത്രം വര. കൂലിവേലക്കാരായ മാതാപിതാക്കൾ വേണ്ടത്ര പ്രോത്സാഹനമൊന്നും നൽകിയിരുന്നില്ല. അബിന്റെ കഴിവ് കണ്ടറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും അധ്യാപികയാണ്. അബിന് എന്തിനും തുണയായി നിൽക്കുന്നത് സുഹൃത്തുക്കളാണ്.
ആദ്യമായി പതിനെട്ടാമത്തെ വയസിൽ ഒരു ഡ്രോയിംഗ് കിറ്റ് വാങ്ങി നൽകിയതും സുഹൃത്ത് തന്നെ. ചിത്രകാരനെന്നു പറഞ്ഞു നീട്ടിവളർത്തിയ മുടിയുമായി നടക്കുന്ന അബിൻ നാട്ടുകാരിൽ പലർക്കും പരിഹാസ കഥാപാത്രമായിരുന്നെങ്കിലും മുൻ പഞ്ചായത്ത് അംഗം വി.കെ.ലീല മാത്രമാണ് പലപ്പോഴും പ്രോത്സാഹിപ്പിച്ചതും, സഹായിച്ചതും.
ഐടിഐ വിദ്യാർഥിയായ അബിൻ ഇപ്പോൾ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഡിജിറ്റൽ പെയിന്റിംഗിലാണ്. വിവാഹക്ഷണക്കത്തുകളിലും മറ്റും ചിത്രങ്ങൾ വരച്ചു നൽകിയാണ് ഇപ്പോൾ ചിത്രം വരക്കുള്ള ചിലവുകൾ നടത്തുന്നത്. നവമാധ്യമങ്ങളിൽ കൂടിയാണ് ഇതിന്റെ പ്രമോഷൻ നടത്തുന്നത്.
ഇതിനു തന്റെ പേര് ക്രഷ് എന്നുമാറ്റുറുകയുംയും ചെയ്തു. ഇനിയും ഏറെ ഉയരങ്ങൾ കീഴടക്കണമെന്ന അബിന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് വെറും ആഗ്രഹം മാത്രമല്ല തികഞ്ഞ നിശ്ചയ ദാർഢ്യം തന്നെയാണ്.