"ആ ട്രോളുകളെല്ലാം അസഹനീയമായിരുന്നു': ചുഞ്ചുവിന്റെ ചരമപ്പരസ്യത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി ഉടമ
Wednesday, May 29, 2019 11:56 AM IST
ചുഞ്ചു നായർ എന്നു പേരുള്ള ഒരു പൂച്ചയുമായി ബന്ധപ്പെട്ട ട്രോളുകളാണ് സോഷ്യൽമീഡിയയിൽ രണ്ട് മൂന്ന് ദിവസമായി നിറഞ്ഞിരുന്നത്. ചുഞ്ചുവിന്റെ ഒന്നാം ചരമവാർഷികത്തിൽ ദുഖാർദ്രരായ ഉടമകൾ പത്രത്തിൽ നൽകിയ ചരമപരസ്യത്തിൽ ട്രോളന്മാരുടെ കണ്ണുടക്കിയതാണ് ഈ ചിരിപൂരമൊരുങ്ങുവാൻ കാരണമായത്. എന്നാൽ ചുഞ്ചുവുമായുള്ള ആത്മബന്ധം നിസാരമായ ഒന്നായിരുന്നില്ലെന്നാണ് ഉടമകൾ പറയുന്നത്. ചരമപരസ്യം പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യയോടാണ് കുടുംബാംഗങ്ങൾ പ്രതികരിച്ചത്.
"ചുഞ്ചു ഞങ്ങളുടെ റാണിയായിരുന്നു. മകളായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പോലും അവളായിരുന്നു ഞങ്ങൾക്ക് അവൾ ഞങ്ങളുടെ ഇളയ മകളെ പോലെയായിരുന്നു. അതിനാലാണ് അവളുടെ പേരിനൊപ്പം ഞങ്ങളുടെ വംശനാമം നൽകിയത്. അവളും ഞങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത പറഞ്ഞാൽ ആർക്കും മനസിലാകില്ല. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു പ്രചരിച്ച ട്രോളുകൾ. ഈ നെഗറ്റീവ് ട്രോളുകളെല്ലാം അസഹനീയമായിരുന്നു. ജാതിയുമായി ആ പേരിന് ഒരു ബന്ധവും ഇല്ല'. പൂച്ചയുടെ ഉടമകളായിരുന്നവർ പറഞ്ഞു.
ഏകദേശം 18 വർഷത്തോളം ചുഞ്ചു ഇവർക്കൊപ്പമുണ്ടായിരുന്നു. സാധാരണ ഒരു പൂച്ച ഇത്രെയും നാൾ ജീവിച്ചിരിക്കില്ല. വളരെയധികം സ്നേഹം നിറഞ്ഞ ചുറ്റുപാടിൽ വളർന്നതിനാലാവാം പൂച്ചയ്ക്ക് ഇത്രെയും ആയുസ് ലഭിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞത്. മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് നവി മുംബൈയിലെ വീട്ടിലെ പൂന്തോട്ടത്തിൽ നിന്നും ചുഞ്ചുവിനെ വീട്ടുകാർക്ക് ലഭിച്ചത്. കേരളത്തിലെ വീട്ടിലുണ്ടായിരുന്ന പൂച്ചയ്ക്ക് സുന്ദരി എന്നായിരുന്നു പേര്. അങ്ങനെ പുതിയ പൂച്ചയ്ക്കും സുന്ദരി എന്ന് ഇവർ പേരിട്ടു. പിന്നീട് ഈ പേര് ചുരുങ്ങി ചുഞ്ചു എന്നാകുകയായിരുന്നു. ചുരുങ്ങിയ നാളുകൾക്കൊണ്ടാണ് ഈ വീട്ടിലെ ഗൃഹനാഥയും ചുഞ്ചുവും തമ്മിലുള്ള ആത്മബന്ധം വളർന്നത്.
വളരെ വൃത്തിയുള്ള പൂച്ചയായിരുന്ന ചുഞ്ചു. എന്നാൽ ഇതൊന്നും ചുഞ്ചുവിനെ ഒരിക്കൽ പോലും പരിശീലിപ്പിക്കേണ്ടതായി വന്നിട്ടില്ല. നെയ്മീനും അയലയുമായിരുന്നു ചുഞ്ചുവിന്റെ പ്രിയപ്പെട്ട ഭക്ഷണം. അടുക്കളയിൽ കയറി പാത്രം തട്ടിമറിക്കുന്ന ശീലമൊന്നും ചുഞ്ചുവിനില്ലായിരുന്നു. വീട്ടുകാർക്കൊപ്പമായിരുന്നു ചുഞ്ചു കിടന്നുറങ്ങിയിരുന്നതും.
തന്റെ പെണ്മക്കളെ മടിയിലിരുത്തുന്നത് ചുഞ്ചുവിന് ഇഷ്ടമില്ലായിരുന്നുവെന്ന് വീട്ടമ്മ ഓർത്തെടുക്കുന്നു. മാത്രമല്ല അവളെ വിട്ട് നിൽക്കാൻ പറ്റാത്തത് കൊണ്ട് താൻ ദീർഘയാത്രകൾ ഒഴിവാക്കുമായിരുന്നുവെന്ന് ഇവർ പറയുന്നു. ഫോട്ടോയെടുക്കുന്നതൊന്നും ചുഞ്ചുവിന് ഇഷ്ടമില്ലായിരുന്നു. കുടുംബ ഫോട്ടോയെടുക്കുവാൻ നേരത്ത് ചുഞ്ചു അവരുടെ അടുക്കൽ നിന്ന് മാറി പോകുമായിരുന്നു.
വയസായതോടു കൂടി ചുഞ്ചുവിന്റെ വൃക്കകളും പല്ലുകൾക്കും തകരാറുണ്ടായി. 2018 ജനുവരിയിലാണ് ചുഞ്ചുവിന് അസുഖം പിടിപ്പെട്ടത്. ചുഞ്ചുവിനെ കാണാനെത്തിയ അയൽക്കാർ പോലും നിറകണ്ണുകളോടെയാണ് വീട്ടിൽ നിന്നും മടങ്ങിയത്. ചുഞ്ചുവിന്റെ രോഗം ഭേദമാക്കുവാൻ പല വഴികളും കണ്ടുവെങ്കിലും അതൊന്നും ഫലവത്തായില്ല. പിന്നീട് നാളുകൾക്കുള്ളിൽ ചുഞ്ചു മരിച്ചെന്നും ഗൃഹനാഥ പറഞ്ഞു.
വെറ്റിനറി ആശുപത്രിയിലെ വൈദ്യുതശ്മശാനത്തിലായിരുന്നു ചുഞ്ചുവിന്റെ ശവസംസ്ക്കാരം. ചുഞ്ചുവിനോടുള്ള ആദര സൂചകമായി കഴിഞ്ഞ ഒരുവർഷം വീട്ടിലെ ആഘോഷ ചടങ്ങുകൾ ഒഴിവാക്കിയിരുന്നു. സ്വന്തം വീട്ടിലുള്ള ഒരംഗം മരണമടഞ്ഞാൽ എത്രമാത്രം സങ്കടമുണ്ടാകുമോ അത്രയും വിഷമം ഞങ്ങൾ അനുഭവിച്ചുവെന്ന് ചുഞ്ചുവിന്റെ ഉടമ മനസ് തുറന്നു.