സിആര്‍-7 എന്ന വലിയഹൃദയം; ഭിന്നശേഷിയുള്ള ആരാധികയെ കണ്ടപ്പോള്‍
Thursday, September 21, 2023 2:37 PM IST
സിആര്‍ 7 എന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അറിയാത്തവര്‍ ആരാണ് ഈ ഭൂമുഖത്തുള്ളത്. കാല്പന്തുകൊണ്ട് പലരും കവിത രചിക്കുമ്പോള്‍ ഇദ്ദേഹം ഇതിഹാസം രചിക്കുന്നു. ഇദ്ദേഹത്തിന്റെ ഓരോ സ്റ്റെെലും എത്രയെത്രപേർ അനുകരിക്കുന്നു.
അത്രയേറെ ആരാധകരുടെ മനസില്‍ ഇടമുള്ളയാളാണ് ഈ പോര്‍ച്ചുഗല്‍ താരം. അതിനാലാണ് കഴിഞ്ഞ ലോകകപ്പ് ഫുട്ബോളില്‍ പോര്‍ച്ചുഗല്‍ പുറത്തായപ്പോള്‍ ലക്ഷക്കണക്കിനുപേര്‍ പൊട്ടിക്കരഞ്ഞത്.
ലയണല്‍ മെസിയും ക്രിസ്റ്റ്യാനോയും നിലവില്‍ യൂറോപ്പ് ഫുട്ബോള്‍ ക്ലബുകളില്‍ ഇല്ലല്ലൊ. മെസി അമേരിക്കന്‍ ക്ലബായ ഇന്റർ മയാമിയിലേക്ക് പോയപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിയത് സൗദി അറേബ്യന്‍ ക്ലബായ അല്‍ നാസറിലാണ്.
കഴിഞ്ഞദിവസം ടെഹ്റാനിലെ അല്‍ നാസര്‍ ടീമിന്റെ മിഷന് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് ക്രിസ്റ്റ്യാനോയെ കാണാന്‍ ഒരു ആരാധിക എത്തി. താന്‍ വരച്ച ഒരു ചിത്രവുമായിട്ടായിരുന്നു അവള് അദ്ദേഹത്തെ കാണാന്‍ എത്തിയത്. ആ കൂടിക്കാഴ്ച നിമിഷങ്ങള്‍ക്കകം വൈറലായി മാറുകയും ചെയ്തു.
ഇറാനില്‍ നിന്നുള്ള ഫാത്തിമ ഹമാമി നസ്രാബാദിയാണ് ക്രിസ്റ്റ്യാനോയെ കാണാന്‍ എത്തിയത്. ശരീരം 85 ശതമാനം തളര്‍ന്ന പെണ്‍കുട്ടിയാണ് ഫാത്തിമ. ഫാത്തിമ 38 കാരനായ താരത്തിന് താന്‍ പാദംകൊണ്ട് വരച്ച ചിത്രങ്ങള്‍ കെെമാറി.
ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായിട്ടുള്ള വ്യക്തികൂടിയാണ് ഫാത്തിമ. ഇറാനിയന്‍ അഭിനേതാക്കളുടെയും ബോളിവുഡ്, ഹോളിവുഡ് സെലിബ്രിറ്റികളുടെയും പെയിന്റിംഗുകള്‍ ഈ 34കാരി ഒരുക്കാറുണ്ട്.
അടുത്തിടെ റൊണാള്‍ഡോയുടെ പെയിന്റിംഗിന്റെ ഫോട്ടോയ്ക്കൊപ്പം ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റ് ഫാത്തിമ പങ്കിടുകയുണ്ടായി. "റൊണാള്‍ഡോ ഇറാനിലുണ്ട്! ദൈവമേ, എന്റെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു. റൊണാള്‍ഡോയെ കാണാനും അദ്ദേഹത്തിന് എന്റെ പെയിന്റിംഗ് സമ്മാനിക്കാനും ആഗ്രഹിക്കുന്നു. ഓ, ദൈവമേ, അതിന് ഒരുവഴി ഒരുക്കൂ'- എന്നായിരുന്നു അതിലെ വാചകം.
എന്തായാലും ഫാത്തിമയുടെ ആഗ്രഹം സഫലമായി. സൂപ്പര്‍താരം ആ ചിത്രങ്ങള്‍ വാങ്ങുകയും യുവതിയെ ആലിംഗനം ചെയ്യുകയുമുണ്ടായി. നിരവധിയാളുകള്‍ അല്‍-നാസര്‍ ക്യാപ്റ്റനെ അഭിനന്ദിച്ച് രംഗത്തെത്തി.
"വലിയ മനുഷ്യ സ്നേഹിയാണ് ക്രിസ്റ്റ്യാനോ. നോക്കൂ ആ യുവതിക്ക് എത്ര ആനന്ദമാകും ഇനി ജീവിതകാലം മുഴുവന്‍ ഈ കൂടിക്കാഴ്ച സമ്മാനിക്കുക' എന്നാണൊരാള്‍ കുറിച്ചത്.