തോളിലൊരു കൈ, തിരിഞ്ഞുനോക്കിയപ്പോൾ ഒരു യമണ്ടൻ കരടി; പിന്നെ സംഭവിച്ചത്
Wednesday, July 22, 2020 5:12 PM IST
മെക്സിക്കോയിലെ എക്കോളജിക്കൻ പാർക്കിൽ നടന്ന സംഭവത്തിന്റെ വീഡിയോ കണ്ടാൽതന്നെ ശ്വാസം നിലച്ചുപോകും. സംഭവം എന്താണന്നല്ലേ? പാർക്കിലെത്തിയ യുവതികളായ നാലംഗസംഘം കാഴ്ചകൾ ആസ്വദിച്ച് നടക്കുകയായിരുന്നു. തോളിൽ ആരോ കൈവച്ചപ്പോഴാണ് സംഘത്തിൽ ഏറ്റവും പിന്നിലായി നടന്ന യുവതി തിരിഞ്ഞുനോക്കിയത്. ഒരു കരടി എണിറ്റുനിന്ന് തോളിൽ കൈവച്ചതാണ്.
സാധാരണ മനുഷ്യൻ ബോധംകെട്ടു പോകുന്ന അവസ്ഥ. പക്ഷെ ആ യുവതി ബോധം കെട്ടില്ലെന്ന് മാത്രമല്ല, ഒന്നു ഞെട്ടിപോലുമില്ല. യുവതിക്കൊപ്പമുണ്ടായിരുന്നവരും ശാന്തതയോടെ നിന്നു. പല തവണ കരടി യുവതിയുടെ തലമുടിയില് പിടിക്കുന്നുണ്ട്. യുവതിയെ കരടി അടിതൊട്ട് മുടിവരെ മണത്ത് പരിശോധിച്ചു.
യുവതിയുടെ തോളിൽ നിന്നു നിലത്തേക്ക് വീണ കരടി വീണ്ടും പിൻകാലുകളിൽ ഉയർന്ന് പൂർവസ്ഥിതിയിൽ നിന്നു. ചുറ്റുമുള്ളവർ ഞെട്ടിത്തരിച്ച് നിൽക്കുന്പോൾ യുവതി ഫോൺ പുറത്തെടുത്ത് സെൽഫിയെടുക്കുന്ന തിരക്കിലായിരുന്നു. അപൂർവ നിമിഷം യുവതി തന്റെ ഫോണിൽ പകർത്തി. വൈകാതെ കരടി മടങ്ങി. കരടി മാറിപ്പോയെന്ന് ഉറപ്പാക്കിയതോടെ യുവതിയും സംഘവും വേഗം സ്ഥലം കാലിയാക്കി.
യുവതിയുടെ ധൈര്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ്. സൻമനസുള്ളവർക്ക് സമാധാനം എന്ന സിനിമയിൽ തിലകൻ മോഹൻലാലിനോട് പറയുന്നതുപോലെ നിനക്ക് എങ്ങനെ കിട്ടി കുട്ടിയീ ധൈര്യമെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.യുവതിയെ കണ്ടെത്തി തന്റെ സുഹൃത്താക്കാൻ സോഷ്യൽ മീഡിയയിൽ മത്സരമാണ്.
പൊതുവേ കറുത്ത കരടികൾ ആക്രമണകാരികളല്ല. ഭക്ഷണം അന്വേഷിച്ചു നടന്ന ഒരു കരടി വിനോദസഞ്ചാരിയായ ഒരു സ്ത്രീയുടെ പിന്നാലെയെത്തി മുടിയിൽ തഴുകിയ ദൃശ്യവും നേരത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കൂടെയുണ്ടായിരുന്ന സ്ത്രീ നൽകിയ നിർദേശമനുസരിച്ച് കരടി സമീപത്തെത്തിയപ്പോൾ പരിഭ്രാന്തരാകാതെ അവിടെത്തന്നെ സ്ത്രീകൾ നിന്നു. കരടി പോയ ശേഷം മാത്രമാണ് അവർ അവിടെ നിന്നു മാറിയത്.