ഹാലോവീൻ വേഷത്തിൽ അതിക്രമം: വിർജീനിയയിൽ വീട് തകർക്കാൻ ശ്രമിച്ച മൂവർ സംഘം ഒളിവിൽ
Wednesday, October 22, 2025 3:11 AM IST
വിർജീനിയയിലെ അലക്സാണ്ട്രിയയിൽ തമാശയ്ക്കായി ചെയ്ത ഒരു സംഭവം, തമാശയെന്നതിലുപരി ഗുരുതരമായ ക്രിമിനൽ കുറ്റമായി മാറി. ഹാലോവീൻ മാസ്കുകളും വേഷവിധാനങ്ങളും ധരിച്ച മൂന്ന് പേർ രാത്രിയിൽ ഒരു വീടിന്റെ വാതിലിൽ മുട്ടി, വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തുകയും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.
ഭീതിജനകമായ ഈ ദൃശ്യങ്ങൾ ഡോർബെൽ ക്യാമറയിൽ പതിഞ്ഞു. "നിങ്ങൾ പുറത്തുവരണം, അല്ലെങ്കിൽ ഞങ്ങൾ അകത്തേക്ക് വരും,' എന്ന ഭീഷണി മുഴക്കി ഒരാൾ സംസാരിക്കുന്നതും, "വാതിൽ തുറക്കൂ!' എന്ന് മറ്റൊരാൾ ആക്രോശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
വീട്ടിൽ അമ്മയെ കാണാനെത്തിയ ഷൈല എന്ന യുവതിയാണ് ആദ്യം പ്രതികരിച്ചത്. "ആദ്യം ഇതൊരു തമാശ മാത്രമാണെന്ന് കരുതി, "ഹാപ്പി ഹാലോവീൻ' എന്ന് ഞാൻ പറഞ്ഞു,' ഷൈല വെളിപ്പെടുത്തി.
എന്നാൽ, കോമാളിവേഷം, മൈക്കിൾ മയേഴ്സ് വേഷം, കന്യാസ്ത്രീയുടെ വേഷം എന്നിവ ധരിച്ചെത്തിയ സംഘം വാതിൽ തുറക്കാൻ ആവശ്യപ്പെട്ട് ആവർത്തിച്ച് തട്ടുകയും ഹാൻഡിലിൽ വലിക്കുകയും ചെയ്തതോടെയാണ് ഷൈലയ്ക്ക് സംശയം തോന്നിയത്.
ഭീഷണിപ്പെടുത്തലുകൾ കടുത്തതോടെ പോലീസിൽ വിളിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അവർ പിന്മാറിയില്ല. പകരം അവർ, വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആക്രമണത്തിന്റെ രീതി കടുപ്പിക്കുകയും ചെയ്തു.
"കസേരയെടുത്ത് വാതിൽ തകർക്കുമെന്ന് അവർ പറഞ്ഞപ്പോൾ എന്റെ ചങ്കിടിപ്പ് നിന്നുപോയി,' ഷൈല പറഞ്ഞു. വീടിന്റെ മുൻവശത്ത് അതിക്രമിച്ച് കടക്കാൻ കഴിയാതെ വന്നപ്പോൾ, സംഘം വീടിന്റെ പിൻഭാഗത്തേക്ക് പോയി മരത്തിന്റെ വേലി തകർക്കുകയും ഡെക്ക് സ്ക്രീനുകൾ നശിപ്പിക്കുകയും ജനലുകളിൽ ഇടിക്കുകയും അകത്തേക്ക് ഒളിഞ്ഞുനോക്കുകയും ചെയ്തു.
ഏകദേശം 10 മിനിറ്റോളം നീണ്ടു നിന്ന ഈ ഭീകരാവസ്ഥയ്ക്ക് ശേഷം സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഷൈലയുടെ അച്ഛൻ അടുത്തിടെ മരണപ്പെട്ടതിനാൽ അമ്മ തനിച്ചായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഈ സംഭവം അമ്മയെ വലിയ ഭയത്തിലാക്കിയെന്നും ഷൈല കൂട്ടിച്ചേർത്തു.
ഇത് വളരെ ഗൗരവമായ വിഷയമാണെന്നാണ്, അലക്സാണ്ട്രിയ പോലീസ് മേധാവി താരിക്ക് മഗ്വെയർ അഭിപ്രായപ്പെട്ടത്. വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാൽ ഇത് കേവലം ഒരു തമാശയല്ലെന്നും മഗ്വെയർ ഊന്നിപ്പറഞ്ഞു.
പ്രതികളെ തിരിച്ചറിയാനായി പോലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. വീടിനുള്ളിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിനാൽ വിർജീനിയൻ സംസ്ഥാന നിയമപ്രകാരം പ്രതികൾക്ക് മോഷണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്താൻ സാധ്യതയുണ്ടെന്ന് മഗ്വെയർ അറിയിച്ചു.