ഓർഡർ ചെയ്ത മധുരം "ഡെലിവറി എക്സിക്യൂട്ടീവുമാർക്ക്' നൽകി, ദീപാവലി ആഘോഷിച്ച് യുവാവ്; സ്നേഹം പങ്കുവെച്ച വീഡിയോ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു
Monday, October 20, 2025 3:04 PM IST
രാജ്യം ദീപാവലിയുടെ വർണപ്പൊലിമയിൽ നിറഞ്ഞുനിൽക്കുമ്പോൾ, വെളിച്ചത്തിന്റെയും സന്തോഷത്തിന്റെയും ഈ മഹോത്സവം ആളുകൾ വ്യത്യസ്തമായ രീതിയിലാണ് ആഘോഷിക്കുന്നത്. അത്തരത്തിൽ, ഈ ഉത്സവകാലത്ത് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാവുകയും നിരവധി പേരുടെ ഹൃദയം കവരുകയും ചെയ്ത ഒരു ദൃശ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
താൻ ഓർഡർ ചെയ്ത മധുരപലഹാരങ്ങൾ അത് എത്തിച്ചുതന്ന ഡെലിവറി പങ്കാളികൾക്ക് സമ്മാനമായി തിരികെ നൽകിക്കൊണ്ട് ഒരു യുവാവ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറൽ. ഹൈദരാബാദ് സ്വദേശിയായ ഗുണ്ടേട്ടി മഹേന്ദർ റെഡ്ഡി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ നന്മയുടെ കാഴ്ച പങ്കുവെച്ചത്.
ഉത്സവത്തിരക്കിനിടയിൽ വിശ്രമമില്ലാതെ സന്തോഷം വീടുകളിലേക്ക് എത്തിക്കുന്ന ഡെലിവറി ജീവനക്കാർക്കുള്ള ആദരവായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രവർത്തി. റെഡ്ഡി, പ്രമുഖ ഡെലിവറി ആപ്ലിക്കേഷനുകളായ സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ബിഗ്ബാസ്കറ്റ് എന്നിവ വഴി പലപ്പോഴായി മധുരപലഹാരങ്ങൾ ഓർഡർ ചെയ്തു.
എന്നാൽ, ഓരോ ഡെലിവറി എക്സിക്യൂട്ടീവ് വീട്ടിലെത്തുമ്പോഴും ഓർഡർ സ്വീകരിക്കുന്നതിന് പകരം, അവർ കൊണ്ടുവന്ന മധുരത്തിന്റെ പെട്ടി, ദീപാവലി സമ്മാനമായി തിരികെ നൽകി അവരെ അമ്പരപ്പിച്ചു. "ഞങ്ങൾ ദീപാവലിക്കായി മധുരപലഹാരങ്ങൾ ഓർഡർ ചെയ്യുകയും അത് കൊണ്ടുവന്ന ഡെലിവറി പങ്കാളികൾക്ക് നൽകുകയും ചെയ്തു, എന്ന സന്ദേശം വീഡിയോയിൽ രേഖപ്പെടുത്തിയിരുന്നു.
സ്വകാര്യത മാനിച്ച് ഡെലിവറി പങ്കാളികളുടെ മുഖം വീഡിയോയിൽ അവ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അവരുടെ പ്രതികരണങ്ങൾ വളരെ ഹൃദയസ്പർശിയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച ഈ സ്നേഹസമ്മാനം നൽകിയ സന്തോഷവും നന്ദിയും അവരുടെ ആംഗ്യങ്ങളിലൂടെ വ്യക്തമായി കാണാം.
തിരക്കേറിയ ഉത്സവ സീസണിൽ തങ്ങളുടെ കഠിനാധ്വാനത്തിന് ലഭിച്ച ഒരു ചെറിയ അംഗീകാരമായിരുന്നു അവർക്കത്. ഈ മനോഹരമായ വീഡിയോ വളരെപ്പെട്ടെന്നാണ് വൈറലായത്. റെഡ്ഡിയുടെ ഈ ഉദ്യമത്തെ അഭിനന്ദിച്ചുകൊണ്ട് ആയിരക്കണക്കിന് കമന്റുകളാണ് വന്നത്.
"അവസാനം ആരെങ്കിലും അവരുടെ പ്രയത്നത്തെ അംഗീകരിച്ചുവെന്നും ഇതാണ് ദീപാവലിയുടെ യഥാർഥ ഭംഗി', എന്നെല്ലാമായിരുന്നു പ്രതികരണങ്ങൾ. ദീപാവലി എന്നാൽ വെളിച്ചവും അലങ്കാരങ്ങളും മാത്രമല്ല, സന്തോഷം പങ്കുവെക്കൽ കൂടിയാണെന്ന് ഈ സംഭവം അടിവരയിടുന്നു.