ട്രാവിസ് സ്കോടിന്റെ സംഗീതനിശ: ഡൽഹിയിലെ സ്റ്റേഡിയത്തിൽ ആരാധകർ തമ്മിൽ കൂട്ടത്തല്ല്; വീഡിയോ വൈറലാകുന്നു
Sunday, October 19, 2025 3:24 PM IST
റാപ്പർ ട്രാവിസ് സ്കോട് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച സംഗീത നിശയ്ക്കിടെ അപ്രതീക്ഷിത സംഘർഷം. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു സംഭവം.
റാപ്പർ വേദിയിൽ പ്രകടനം നടത്തുമ്പോൾ ജനക്കൂട്ടത്തിന്റെ ഒത്ത നടുവിലായിരുന്നു ഈ കയ്യാങ്കളി. പരിപാടിക്ക് എത്തിയവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദൃക്സാക്ഷികളുടെ വിവരണമനുസരിച്ച്, രണ്ടോ മൂന്നോ പേർ വീതമുള്ള രണ്ട് ചെറിയ ഗ്രൂപ്പുകൾ തമ്മിൽ ഉടലെടുത്ത ചില തർക്കങ്ങളാണ് സംഘർഷത്തിന് കാരണമായത്.
ഈ വൈറൽ വീഡിയോകളിൽ, ഒരു യുവതി യുവാവിന്റെ മുടിയിൽ കുത്തിപ്പിടിക്കുന്നതും, ഇതിന് മറുപടിയെന്നോണം യുവാവ് അവരെ ആക്രമിക്കാൻ ശ്രമിക്കുന്നതും കാണാം. ഈ സമയം, സമീപത്തുണ്ടായിരുന്ന നിരവധി പേരും, സുരക്ഷാ ജീവനക്കാരനും ഉടൻ തന്നെ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചു.
മറ്റൊരു കോണിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും ഈ ഏറ്റുമുട്ടൽ കുറച്ചു നിമിഷങ്ങൾ തുടർന്നു എന്ന് വ്യക്തമാക്കുന്നുണ്ട്, ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയായിരുന്നു.
അക്രമം ഭയന്ന് അടുത്തുള്ള കാണികൾ പിന്നോട്ട് മാറുന്നതും, എന്നാൽ മറ്റ് ചിലർ ഈ ദൃശ്യങ്ങൾ തങ്ങളുടെ ഫോണുകളിൽ പകർത്താൻ തിരക്ക് കൂട്ടുന്നതും വീഡിയോയിലുണ്ട്. "ഡൽഹിയിലെ പരിപാടികൾ കലാശം കൊട്ടാതെ പൂർണമാവില്ല' എന്നായിരുന്നു വൈറലായ വീഡിയോയുടെ അടിക്കുറിപ്പ്
ട്രാവിസ് സ്കോടന്റെ "ഗ്ലോബൽ ടൂർ' പരമ്പരയുടെ ഭാഗമായി നടന്ന ഈ പരിപാടി, രാജ്യത്തെ സംഗീത പ്രേമികൾക്ക് വലിയ ആകർഷണമായിരുന്നു. ചുരുങ്ങിയ സമയം നീണ്ടുനിന്ന ഈ പ്രശ്നത്തിന് ശേഷം പരിപാടി തടസമില്ലാതെ മുന്നോട്ട് പോവുകയും, ട്രാവിസ് സ്കോടിന്റെ ഊർജം നിറഞ്ഞ പ്രകടനം കാണികളെ ആവേശത്തിലാഴ്ത്തുകയും ചെയ്തു.