പ്ലാറ്റ്ഫോമിൽ "പൊരിഞ്ഞ അടി': നാല് പേർക്ക് സസ്പെൻഷൻ, 5 ലക്ഷം രൂപ പിഴ : വന്ദേ ഭാരത് ജീവനക്കാരുടെ സംഘർഷ ദൃശ്യങ്ങൾ വൈറൽ
Saturday, October 18, 2025 12:47 PM IST
വന്ദേ ഭാരത് എക്സ്പ്രസിലെ ജീവനക്കാർ തമ്മിൽ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് നടന്ന കയ്യാങ്കളിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.
മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് സർവീസ് നടത്തുന്ന 22470 നമ്പർ വന്ദേ ഭാരത് എക്സ്പ്രസിലെ ഐആർസിടിസി ജീവനക്കാരാണ് പരസ്പരം ഏറ്റുമുട്ടിയത്. വ്യാഴാഴ്ച പുലർച്ചെ ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഏകദേശം 5:45-ഓടെയായിരുന്നു സംഭവം.
പ്ലാറ്റ്ഫോമിൽ വെച്ച് ജീവനക്കാർ തമ്മിലുണ്ടായ വാക്കുതർക്കം അതിവേഗം കയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു. ജീവനക്കാർ ബെൽറ്റുകൾ ഊരി വീശുന്നതും, പ്ലാറ്റ്ഫോമിൽ വെച്ചിരുന്ന മാലിന്യക്കൂടകൾ എടുത്ത് പരസ്പരം എറിയുന്നതും അടിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
യൂണിഫോം ധരിച്ച ആളുകൾ തമ്മിൽ ട്രെയിനിന് സമീപം വെച്ച് നടന്ന ഈ അക്രമം യാത്രക്കാരെയും കാഴ്ചക്കാരെയും അമ്പരപ്പിച്ചു. അഞ്ചാ ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയ ഈ വീഡിയോ അതിവേഗം വൈറലാവുകയാണ്.
വന്ദേ ഭാരത് യാത്രക്കാർക്കുള്ള പുതിയ വിനോദ പരിപാടിയാകാം ഇതെന്നും ഇത്തരം പെരുമാറ്റം തീർത്തും അംഗീകരിക്കാനാവില്ല, ഇത് നമ്മുടെ റെയിൽവേയുടെ അന്തസ് കെടുത്തും, എന്നിങ്ങനെ ഉപയോക്താക്കൾ പ്രതികരിച്ചു.
സംഭവം അതീവ ഗൗരവത്തോടെയാണ് ഐആർസിടിസി കണ്ടത്. വീഡിയോ വ്യാപകമായതോടെ, കയ്യാങ്കളിയിൽ പങ്കെടുത്ത നാല് സർവീസ് പ്രൊവൈഡർ ജീവനക്കാരെ റെയിൽവേ പോലീസ് ഫോഴ്സ് കസ്റ്റഡിയിലെടുത്തു. ഇവർ നാല് പേരുടെയും ഐഡി കാർഡുകൾ റദ്ദാക്കുകയും ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്.
കൂടാതെ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ, ബന്ധപ്പെട്ട സേവനദാതാവിന്റെ കരാർ റദ്ദാക്കുന്നതിനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ട്രെയിനിനുള്ളിൽ ഒരു വാട്ടർ ബോക്സ് വെക്കുന്നതുമായി ബന്ധപ്പെട്ട് പാൻട്രി ജീവനക്കാർ തമ്മിലുണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിലേക്ക് വഴിമാറിയതെന്നാണ് ഡൽഹി പോലീസ് നൽകുന്ന സൂചന.