ബർഗർ തർക്കം കലാപമായി: ഓർഡർ മാറിയതിന് ടെക്സാസിലെ കടയിൽ കൂട്ടത്തല്ല്; 7 പേർ അറസ്റ്റിൽ
Thursday, October 16, 2025 12:45 PM IST
ടെക്സാസിലെ പ്രമുഖ റെസ്റ്റോറന്റിൽ ഓർഡർ മാറിപ്പോയതിനെ ചൊല്ലി രണ്ട് കൂട്ടർ തമ്മിലുണ്ടായ തർക്കം കൂട്ടയടിയിൽ കലാശിച്ചു. ശേഷം സാൻ അന്റോണിയോ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, ഇതിലുൾപ്പെട്ട ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയും ചെയ്തു.
വാട്ടാബർഗർ റെസ്റ്റോറന്റിലാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഓർഡർ മാറി നൽകിയതിനെ തുടർന്ന് റെസ്റ്റോറന്റ് ജീവനക്കാർ മറ്റ് ഉപഭോക്താക്കളോട് വിവരം ധരിപ്പിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ, ഒരു കൂട്ടം ആളുകൾ മറ്റൊരു കൂട്ടരുമായി തർക്കത്തിലേർപ്പെടുകയും നിമിഷങ്ങൾക്കകം അത് കൈയാങ്കളിയായി മാറുകയും ചെയ്തു.
മൊബൈലിൽ പകർത്തിയ സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയിൽ, ആളുകൾ നിലത്ത് കിടന്ന് പരസ്പരം ചവിട്ടിയും ഇടിച്ചും ആക്രമിക്കുന്നത് കാണാമായിരുന്നു.
സംഭവത്തെ തുടർന്ന് ആൻഡ്രെസ് ഗാർസിയ കാർഡിനാസ് (21), ടൈറോൺ ടോളിവർ (21), മിഗ്വൽ ടോറസ് (57), മെയിലി ടോറസ് (21), ആൻഡ്രൂ ലോപ്പസ് (21), ഡിയോണ്ടെ ടോളിവർ (23), വെറോണിക്ക വാൽഡെസ് (53) എന്നിവരുൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
"മറ്റൊരു ഓർഡറിലെ ഒരു ഭാഗം അബദ്ധത്തിൽ എന്റെ മകനും സുഹൃത്തുക്കൾക്കും നൽകി. ജീവനക്കാർ അവരുടെ പിഴവ് സമ്മതിക്കുന്നതിനു പകരം, മറ്റ് ഉപഭോക്താക്കളോട് പറയുകയായിരുന്നു. നിമിഷങ്ങൾക്കകം, ആ വ്യക്തികൾ എന്റെ മകനെയും കൂട്ടുകാരെയും ആക്രമിച്ചു,' ആക്രമിക്കപ്പെട്ടവരിൽ ഒരാളുടെ അമ്മയായ റെബേക്ക നോയൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.