പോലീസിന്റെ "വിചിത്ര ശിക്ഷ': വാളുമായി ആക്രമിച്ച പ്രതികളെ, ചെവിയിൽ പിടിച്ച് സിറ്റ്-അപ്പ് എടുപ്പിച്ചു
Monday, October 13, 2025 8:22 PM IST
ഗുജറാത്തിലെ വഡോദര നഗരത്തിൽ, പഴയ വൈരാഗ്യത്തിന്റെ പേരിൽ രണ്ട് യുവാക്കൾ തങ്ങളുടെ സുഹൃത്തിനെ നടുറോഡിൽവെച്ച് വാളുകളും കഠാരയുമായി ആക്രമിച്ചു. വരാസിയ മേഖലയിലെ വൃന്ദാവൻ ടൗൺഷിപ്പിന് സമീപമാണ് നാടകീയ സംഭവം അരങ്ങേറിയത്.
അക്രമാസക്തമായ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞതോടെയാണ് പുറംലോകം അറിഞ്ഞത്. ആക്രമണകാരികളിൽ നിന്നും രക്ഷപെടാനായി ഇരയായ ഉമേഷ് ഷെയ്ഖ്, ജീവനും കൊണ്ട് ഓടുന്നതും, ഫർദീൻ ദീവാനും സഫുദ്ദീൻ ദീവാനും ആയുധങ്ങളുമായി ഇദ്ദേഹത്തെ പിന്തുടരുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.
പരസ്പരം സുഹൃത്തുക്കളായിരുന്ന ഇവർ ഹാത്തിഖാന പ്രദേശത്ത് ഒരുമിച്ചു ജോലി ചെയ്യുന്നവരാണ്. മുൻപുണ്ടായ തർക്കം കാലക്രമേണ വൈരാഗ്യമായി വളർന്നതാണ് ഈ ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഈ സംഭവം കണ്ട യാത്രക്കാരും നാട്ടുകാരും ഭയന്നുപോയെങ്കിലും പലരും ഉമേഷിനെ രക്ഷിക്കാനായി ഓടിയെത്തിയതായും റിപ്പോർട്ടുകളുണ്ട്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വരാസിയ പോലീസ്, ഉടൻതന്നെ പ്രതികളായ ഫർദീൻ ദീവാനെയും സഫുദ്ദീൻ ദീവാനെയും പിടികൂടി.
തുടർന്ന്, നിയമപരമായ നടപടിക്രമങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി, പൊതുജനങ്ങളോടുള്ള ക്ഷമാപണം എന്ന നിലയിൽ പ്രതികളെക്കൊണ്ട് പോലീസ് സ്റ്റേഷനിൽവെച്ച് ചെവിയിൽ പിടിച്ച് സിറ്റ്-അപ്പുകൾ എടുപ്പിച്ചു. പോലീസിന്റെ ഈ നടപടി വലിയ വാർത്താശ്രദ്ധ നേടുകയും ചെയ്തു.
ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചു, ഭീഷണിപ്പെടുത്തി, കവർച്ചയ്ക്ക് ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനായി ഉപയോഗിച്ച വാളുകളും കഠാരയും സംഭവസ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തു.
പോലീസ് ഇൻസ്പെക്ടർ എസ്.എം. വസവയുടെ വാക്കുകൾ പ്രകാരം, "ഈ യുവാക്കൾ സുഹൃത്തുക്കളാണ്. പഴയ വൈരാഗ്യം വെച്ചാണ് ഇവർ ആക്രമണം നടത്തിയത്'. ഭാഗ്യവശാൽ, ഉമേഷ് ഷെയ്ഖിന് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
ഇത്തരം അനാവശ്യമായ തർക്കങ്ങൾ അപകടകരമായ രീതിയിൽ വളരുന്നത് തടയാനും, കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാനുമായി കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.