യാത്രക്കാർക്ക് പുറമെ റീൽ താരങ്ങളുടെയും ഇഷ്ടയിടമായി പാട്ന മെട്രോ ; തിരക്കിനിടയിലെ യുവതിയുടെ ഡാൻസ് വൈറലായി
Sunday, October 12, 2025 1:09 PM IST
യാത്രക്കാർക്ക് സൗകര്യപ്രദമായ പൊതുഗതാഗത മാർഗം എന്നതിലുപരി പാട്ന മെട്രോ ഇപ്പോൾ, റീൽസുകൾ നിർമ്മിക്കുന്നവരുടെ ഇഷ്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ, തിരക്കേറിയ മെട്രോ കോച്ചിനുള്ളിൽ ഒരു യുവതി പാട്ടിനനുസരിച്ച് ചുവടുവെക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുകയാണ്.
സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെ ഓടിത്തുടങ്ങിയ ഈ പുതിയ മെട്രോ സർവീസ്, സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടാനായി ഉപയോഗിക്കപ്പെടുന്നതിനെച്ചൊല്ലി വലിയ ചർച്ചയാണ് നടക്കുന്നത്.
വീഡിയോയിൽ, ഒരു യുവാവ് യുവതിയുടെ ഡാൻസ് മൊബൈലിൽ ചിത്രീകരിക്കുന്നതും മറ്റ് യാത്രക്കാർ കൗതുകത്തോടെ നോക്കിനിൽക്കുന്നതും കാണാം. ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ തന്നെ അര ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയ ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
നിലവിൽ ആദ്യ ഘട്ടത്തിൽ ഇന്റർ-സ്റ്റേറ്റ് ബസ് ടെർമിനൽ മുതൽ ഭൂതനാഥ് വരെ ഏകദേശം 3.6 കി.മീ ദൂരമാണ് മെട്രോ ഓടുന്നത് എന്നതിനെ സൂചിപ്പിച്ച് യാത്രക്കാരിൽ ഒരാൾ, "അവൾ വേഗത്തിലായേ പറ്റൂ, പാട്ന മെട്രോയ്ക്ക് മൂന്ന് സ്റ്റേഷനുകളല്ലേ ഉള്ളൂ? എന്ന് തമാശയായി ചോദിച്ചു.
സൗജന്യമായി ഡാൻസ് കാണാൻ പറ്റുന്നു, ഇനി എന്തു വേണമെന്നും ബീഹാർ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ആരാണ് പറഞ്ഞതെന്നും തുടങ്ങിയ രസകരമായ കമന്റുകൾ വന്നു.
പൊതുജനങ്ങളുടെ സൗകര്യത്തിനായി തുറന്നുകൊടുത്ത മെട്രോ, ചില വ്യക്തികൾ സോഷ്യൽ മീഡിയയിലെ താൽപര്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നത് യാത്രക്കാർക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കുന്നതായും ചില പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. അതോടൊപ്പം,ഓരോ കോച്ചിലും പോലീസ് ഉദ്യോഗസ്ഥരെ വെക്കുകയും ഉടൻ തന്നെ പിഴ ചുമത്തുകയും വേണമെന്ന എതിർപ്പും ആളുകൾ പങ്കുവച്ചു.