ടിക്കറ്റില്ലാതെ യാത്ര: അമ്മയും മകളും ടിടിഇ -യുമായി തർക്കിക്കുന്ന വീഡിയോ വൈറലാകുന്നു
Saturday, October 11, 2025 6:52 PM IST
ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്യുന്നത് ഇന്ന് പതിവായിരിക്കുകയാണ്. എന്നാൽ, ഫസ്റ്റ് ക്ലാസ് എസി കോച്ചിൽ കയറിപ്പറ്റി ടിക്കറ്റ് ചോദിക്കുമ്പോൾ ജീവനക്കാരനോട് തട്ടിക്കയറുകയും ജാതിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ടിക്കറ്റ് എക്സാമിനർ സുരേഷ് കുമാർ ബർമ്മനാണ് യാത്രക്കാരിയുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമം മൊബൈലിൽ പകർത്തിയത്.
ഫസ്റ്റ് ക്ലാസ് എസി കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത അമ്മയും മകളുമാണ് ഈ ബഹളത്തിന് പിന്നിൽ. ടിടിഇ ടിക്കറ്റ് ചോദിച്ചപ്പോൾ, അവർ ടിടിഇ -യെ മൊബൈലിൽ ചിത്രീകരിക്കാൻ തുടങ്ങി. തന്റെ സഹോദരൻ ലോക്കോ പൈലറ്റ് ആണെന്ന് അവകാശപ്പെട്ടായിരുന്നു യുവതിയുടെ പ്രകടനം.
സംഭവത്തിനിടെ, യുവതിയുടെ മകൾ മറ്റൊരു ടിടിഇ -യോട് തങ്ങൾ ജനറൽ കോച്ചിലേക്കാണ് പോകുന്നതെന്നും അവിടെനിന്ന് ഇറങ്ങാനാണ് പദ്ധതിയിട്ടിരുന്നതെന്നും വിശദീകരിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
എന്നാൽ, ജനറൽ കോച്ചിലേക്കുള്ള ടിക്കറ്റ് ചോദിക്കുമ്പോൾ അമ്മയ്ക്കും മകൾക്കും മറുപടി ഉണ്ടായിരുന്നില്ല. ഈ രംഗങ്ങളെല്ലാം ചിത്രീകരിച്ച ടിടിഇ, "ഇതൊക്കെ ദിവസേനയുള്ള നിങ്ങളുടെ പരിപാടിയാണ്' എന്ന് യാത്രക്കാരിയോട് പറയുന്നുണ്ട്.
തർക്കം തുടരുന്നതിനിടെ, യുവതി ടിടിഇ -യുടെ പേര് ചോദിച്ചു. സുരേഷ് കുമാർ ബർമ്മൻ എന്ന് മറുപടി ലഭിച്ചപ്പോൾ, "നിങ്ങൾ വർമ്മ ആയതുകൊണ്ടാണ് നിങ്ങളുടെ തരം കാണിക്കുന്നത്' എന്ന് പറഞ്ഞ് യുവതി ജാതി അധിക്ഷേപം നടത്തുകയായിരുന്നു.
ഇതോടെ ക്ഷമ നശിച്ച ടിടിഇ , "ഇവിടെ ജാതീയത പറയരുത്' എന്ന് ഉറക്കെ പറയുന്നുണ്ട്. ഇതിന് മറുപടിയായി ഭീഷണിപ്പെടുത്തുന്ന സ്വരത്തിൽ "എനിക്കും ശബ്ദമുയർത്താൻ അറിയാം' എന്ന് യുവതി പറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
റെയിൽവേ നിയമങ്ങളെയും ഉദ്യോഗസ്ഥരെയും അവഹേളിച്ചുകൊണ്ട് ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ പുതിയ ഉദാഹരണമായി ഈ വീഡിയോ മാറിക്കഴിഞ്ഞു. വീഡിയോ വൈറലായി മണിക്കൂറുകൾക്കകം വലിയ പ്രതികരണമാണ് ലഭിച്ചത്.