സിംബാബെയിൽ ട്രക്ക് ഡ്രൈവറുടെ ഉറക്കം, ശേഷം ഭീകരമായ അപകടം: ഞെട്ടിക്കുന്ന ഡാഷ്ബോർഡ് കാമറാ ദൃശ്യങ്ങൾ പുറത്ത്
Saturday, October 11, 2025 1:11 PM IST
സിംബാബെയിൽ ട്രക്ക് ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോവുന്ന ഡ്രൈവറുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഏകദേശം രണ്ട് മിനിറ്റോളം ഡ്രൈവർ ഉറക്കത്തിലായിരുന്നു. ഈ സമയം വാഹനം മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. പിന്നീട്, നിയന്ത്രണം നഷ്ടപ്പെട്ട വാഹനം അപകടത്തിൽപ്പെട്ടു.
വാഹനത്തിലെ ഡാഷ്ക്യാമാണ് ഈ ഭീകര ദൃശ്യങ്ങൾ പുറത്തെത്തിച്ചത്. ബുലവായോയ്ക്ക് സമീപമുള്ള പ്രധാന ഹൈവേയിരുന്നു സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയപ്പോൾ ട്രക്ക് അപകടകരമായ രീതിയിൽ റോഡിന് പുറത്തേക്ക് നീങ്ങുന്നതായി വീഡിയോയിൽ കാണാം.
എതിർവശത്ത് നിന്ന് വന്ന രണ്ട് ട്രക്കുകളെയും ഒരു കാറിനെയും ഏതാനും മീറ്ററുകൾ വ്യത്യാസത്തിൽ മറികടന്നിരുന്നു. ഭാഗ്യവശാൽ, മറ്റ് വാഹനങ്ങളിൽ കൂട്ടിയിടിക്കാതെ വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടു. ഡ്രൈവർക്ക് വിശ്രമം ആവശ്യമാണെന്ന് വാഹനത്തിലെ സെൻസർ സംവിധാനം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും യാത്ര ഡ്രൈവർ തുടർന്നു.
ഒരു നിമിഷം കണ്ണുതുറന്നെങ്കിലും ഉടൻ തന്നെ വീണ്ടും ഉറക്കത്തിലായി. ഇത് അപകടത്തിലേക്ക് നയിച്ചു. വാഹനം റോഡിൽ നിന്ന് തെന്നിമാറി മറിയുകയായിരുന്നു. ട്രക്ക് ഡ്രൈവർമാർക്ക് ശരിയായ വിശ്രമം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഈ വീഡിയോ ഊന്നിപ്പറയുന്നു.