ഈഫൽ ടവർ റെക്കോർഡ് തകർത്ത് ഫോണ്ടെനോയ്; 686 പടികൾ താണ്ടിയത് വെറും 12 മിനിറ്റിൽ
Tuesday, October 7, 2025 4:30 PM IST
ഫ്രഞ്ച് സൈക്ലിസ്റ്റും സോഷ്യൽ മീഡിയ താരവുമായ ഓറേലിയൻ ഫോണ്ടെനോയി, സൈക്കിളിൽ പാരീസിലെ ഈഫൽ ടവറിന് മുകളിൽ കാൽ നിലത്ത് തൊടാതെ വേഗത്തിൽ കയറി റെക്കോർഡ് സ്ഥാപിച്ചു. ഈ റെക്കോർഡ് സാഹസിക ലോകത്ത് പുതിയ ആവേശമായി.
ഓൾ-ടെറൈൻ ബൈക്ക് എന്ന സൈക്കിൾ ഉപയോഗിച്ച്, ടവറിന്റെ രണ്ടാമത്തെ നിലയിലേക്ക് ഏറ്റവും വേഗത്തിൽ കയറിയ കായികതാരമായി അദ്ദേഹം മാറി. ഒക്ടോബർ മൂന്നിനാണ് ഈ അവിശ്വസനീയമായ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഈഫൽ ടവറിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ പടികൾ കയറിയ മനുഷ്യൻ എന്ന 23 വർഷം പഴക്കമുള്ള റെക്കോർഡാണ് ഫോണ്ടെനോയ് തകർത്തത്. 686 പടികൾ താണ്ടി, പടികൾ വഴി എത്തിച്ചേരാൻ സാധിക്കുന്ന ഏറ്റവും ഉയർന്ന പ്ലാറ്റ്ഫോമായ രണ്ടാം നിലയിലേക്ക് അദ്ദേഹം എത്തിയത് വെറും 12 മിനിറ്റും 30 സെക്കൻഡും കൊണ്ടാണ്.
2002-ൽ ഹ്യൂഗ്സ് റിച്ചാർഡ് സ്ഥാപിച്ച 19 മിനിറ്റും 4 സെക്കൻഡും എന്ന മുൻ റെക്കോർഡിനേക്കാൾ ഏതാണ്ട് ഏഴ് മിനിറ്റോളം വേഗത്തിലായിരുന്നു ഫോണ്ടെനോയിയുടെ പ്രകടനം. റെക്കോർഡ് അംഗീകരിക്കണമെങ്കിൽ, ഈ ഉദ്യമം പൂർത്തിയാക്കുമ്പോൾ ഒരിക്കൽ പോലും സൈക്കിളിൽ നിന്നും കാൽ നിലത്ത് സ്പർശിക്കരുതെന്ന നിബന്ധന ഫോണ്ടെനോയ് പാലിച്ചു.
സൊസൈറ്റി ഡി എക്സ്പ്ലോയിറ്റേഷൻ ഡി ലാ ടൂർ ഈഫൽ എന്ന ഈഫൽ ടവറിന്റെ നടത്തിപ്പുകാർ ഔദ്യോഗികമായി ഈ റെക്കോർഡ് പ്രഖ്യാപിച്ചു. "12 മിനിറ്റും 30 സെക്കൻഡും എന്നത് കേവലം സമയമല്ല, കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ്', അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വിജയത്തിന് ശേഷം തന്റെ വികാരം പങ്കുവെച്ച ഫോണ്ടെനോയിയുടെ വാക്കുകളിൽ ആശ്ചര്യവും അളവറ്റ സന്തോഷവും നിറഞ്ഞിരുന്നു. "ഇത്രയും കുറഞ്ഞ സമയം കൊണ്ട് എനിക്ക് ഇത് പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ തീർത്തും പ്രതീക്ഷിച്ചിരുന്നില്ല. ഈഫൽ ടവർ എന്നത് ലോകത്തിന് ഒരു പ്രതീകമാണ്, ഞാൻ എന്റെ സാഹസിക യാത്രയിൽ കയറാൻ ഏറ്റവും ആഗ്രഹിച്ച സ്മാരകവും ഇതുതന്നെയായിരുന്നു', അദ്ദേഹം പറഞ്ഞു.
"ദി ക്ലൈംബ്'എന്ന തന്റെ പ്രോജക്ടിന്റെ ഭാഗമായാണ് ഫോണ്ടെനോയ് ഈ സാഹസം ഏറ്റെടുത്തത്. ലോകത്തിലെ പ്രധാനപ്പെട്ട ടവറുകളുടെ മുകളിലേക്ക് സൈക്കിളിൽ കയറുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2021-ൽ പാരീസിലെ തന്നെ 140 മീറ്റർ ഉയരമുള്ള ട്രിനിറ്റി ടവറിന്റെ മുകളിലേക്ക് അദ്ദേഹം സൈക്കിൾ ചവിട്ടിയിരുന്നു. കൂടാതെ, ഈ വർഷം എസ്റ്റോണിയയിലെ ടാലിൻ ടിവി ടവറും അദ്ദേഹം കീഴടക്കി.
സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ, ലോകത്തിലെ ഏറ്റവും ഉയരമുള്ള ടവറുകൾ കയറാനാണ് താൻ ലക്ഷ്യമിടുന്നതെന്നും, അതിനായി മറ്റ് പല ടവറുകളുമായും ഇപ്പോൾ തന്നെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഫോണ്ടെനോയ് വ്യക്തമാക്കി. കായികരംഗത്തെ അദ്ദേഹത്തിന്റെ ഈ പുതിയ ഉദ്യമം ലോകമെമ്പാടുമുള്ള സാഹസിക പ്രേമികൾക്ക് പ്രചോദനമാവുകയാണ്.