ബ്ലിങ്കിറ്റ് ഡെലിവറി പങ്കാളിയിൽനിന്ന് തനിക്ക് ദുരനുഭവം നേരിട്ടതായി ഒരു യുവതി സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരിക്കുകയാണ്. ഓർഡർ കൈമാറുന്നതിനിടെ ഡെലിവറി പങ്കാളി തന്നെ അപമര്യാദയായി സ്പർശിച്ചു എന്നാണ് യുവതിയുടെ ആരോപണം.

സംഭവത്തിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങൾ സഹിതമാണ് യുവതി തന്‍റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ, യുവതിയുടെ വീടിന് പുറത്ത് ഡെലിവറി പങ്കാളി ഓർഡർ കൈമാറാനായി എത്തുന്നത് വ്യക്തമായി കാണാം.

യുവതി പണം കൊടുക്കുന്നതും, ഇയാൾ വലത് കൈകൊണ്ട് അത് സ്വീകരിക്കുന്നതും, തുടർന്ന് ഇടത് കൈയ്യിലെ ബാഗിൽനിന്ന് പാക്കറ്റ് വലത് കൈയ്യിലേക്ക് മാറ്റുന്നതിനിടെ യുവതിയുടെ ശരീരത്തിൽ സ്പർശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ പെരുമാറ്റത്തിൽ അസ്വസ്ഥയായ യുവതി ഉടൻതന്നെ പിന്നോട്ട് മാറുന്നതും വീഡിയോയിൽ കാണാം.



"ബ്ലിങ്കിറ്റിൽ ഓർഡർ ചെയ്തപ്പോൾ എനിക്ക് സംഭവിച്ചത് ഇതാണ്. ഡെലിവറി ചെയ്തയാൾ എന്‍റെ വിലാസം വീണ്ടും ചോദിച്ച ശേഷം എന്നെ സ്പർശിച്ചു. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകളുടെ സുരക്ഷ ഇന്ത്യയിൽ ഒരു തമാശയാണോ?" എന്ന ചോദ്യത്തോടെയാണ് യുവതി പോസ്റ്റ് അവസാനിപ്പിച്ചത്.

എത്രയും പെട്ടെന്ന് കർശന നടപടി സ്വീകരിക്കണമെന്നും യുവതി ബ്ലിങ്കിറ്റിനോട് ആവശ്യപ്പെട്ടു. സംഭവം സേഷ്യൽ മീഡിയയിൽ വന്നതോടെ പലവിധ അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്. നിരവധി ഉപയോക്താക്കൾ യുവതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ഡെലിവറി പങ്കാളിക്കെതിരെ നടപടിയെടുക്കാൻ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു.

"ഇതൊരു അബദ്ധമല്ല, ഇയാളുടെ പ്രവർത്തി മനഃപൂർവ്വമാണ്. തെളിവായി വീഡിയോ ഉള്ളത് ഭാഗ്യം' എന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, "പാഴ്സൽ കൈമാറുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാകാം" എന്നും ചിലർ വാദിച്ചു. പോസ്റ്റ് വൈറലായതോടെ, ബ്ലിങ്കിറ്റ് അധികൃതർ യുവതിയുമായി ബന്ധപ്പെടുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്തു.

തുടർന്ന്, ഡെലിവറി പങ്കാളിയുടെ കരാർ അവസാനിപ്പിച്ചതായും ഇയാളെ ഡെലിവറി സേവനങ്ങളിൽനിന്ന് സ്ഥിരമായി ബ്ലോക്ക് ചെയ്തതായും കമ്പനി യുവതിയെ അറിയിച്ചു. ബ്ലിങ്കിറ്റ് സ്വീകരിച്ച നടപടി യുവതി തന്നെ പിന്നീട് പോസ്റ്റിലൂടെ പങ്കുവെക്കുകയും ചെയ്തു.