കുപ്പിവെള്ളത്തിന് 15 അല്ല 20 ഇത് അമിത വിലയല്ലേ എന്നു ചോദിച്ചു;കൂട്ടമായി മർദിച്ച് പാൻട്രി ജീവനക്കാർ
Friday, May 9, 2025 4:31 PM IST
ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊക്കെ വാർത്തകൾ ദിവസവും വരാറുണ്ട്. ഇപ്പോഴിതാ ഒരു വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ട്രെയിനിൽ വിൽക്കുന്ന ഉത്പന്നങ്ങളുടെ അമിത വില ചോദ്യം ചെയ്ത ഫുഡ് വ്ളോഗറെ പാൻട്രി ജീവനക്കാർ മർദ്ദിക്കുന്നതാണ് വീഡിയോയിൽ.
ഹേമന്ത് എക്സ്പ്രസിലാണ് സംഭവം. ട്രെയിനിലെ തോഡ് എസി കംപാർട്മെന്റിലാണ് യുവാവ് യാത്ര ചെയ്യുന്നത്. വ്ലോഗറുടെ പേര് വിശാൽ ശർമയെന്നാണ്. വിശാൽ തന്നെ സംഭവങ്ങളെല്ലാം വീഡിയോയി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇന്ത്യൻ റെയിൽവേയുടെ തേഡ് എസിയിലെ പാസഞ്ചർ സെക്യൂരിറ്റി ഇതാണ് #ലജ്ജാകരം. പാൻട്രി, ട്രെയിനിൽ അമിത ചാർജ് ഈടാക്കിയതായി ഞാൻ പരാതിപ്പെട്ടപ്പോൾ, എന്നെ കൊല്ലാൻ ശ്രമിച്ചു.' എന്നിങ്ങനെയാണ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്. ഇതിനൊപ്പം ട്രെയിൻ നന്പറും പിഎൻആർ സ്റ്റാറ്റസും വിശാൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പതിനഞ്ചു രൂപ വിലയുള്ള കുപ്പിവെള്ളത്തിന് 20 രൂപയും 10 രൂപ വിലയുള്ള കാപ്പിക്ക് 20 രൂപയും ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. വിശാൽ ആവശ്യപ്പെടുന്ന ബ്രാന്‍ഡിന്റെ പാക്കേജ് ചെയ്ത കുപ്പിവെള്ളം പാൻട്രിയിൽ ഇല്ല. അവർ നൽകുന്നത് വേവി വണ്ടർ അക്വാ എന്ന വെള്ളമാണ്. ഇതിന് 15 രൂപ ഈടാക്കിയാൽ പോരെയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.കൂടാതെ, 10 രൂപയ്ക്ക് വിൽക്കേണ്ട കാപ്പി 20 രൂപയ്ക്കും 40 രൂപയ്ക്ക് വിൽക്കേണ്ട ഇൻസ്റ്റന്റ് ന്യൂഡിൽസ് 50 രൂപയ്ക്കുമാണ് വിൽക്കുന്നത്. ഇതും അദ്ദേഹം പറയുന്നുണ്ട്. ഇതിനിടയിൽ അദ്ദേഹം ഈ കൊള്ളയെക്കുറിച്ച് റെയിൽവേയുടെ ആപ്ലിക്കേഷനിലൂടെ പരാതിപ്പെടുകയും ചെയ്യുന്നുണ്ട്.
ഇതൊക്കെ കഴിഞ്ഞ് അദ്ദേഹം തന്റെ ബർത്തിൽ കിടക്കുകയാണ്. അതിനിടയിൽ ഒരു പാൻട്രി ജീവനക്കാരൻ വന്ന് അദ്ദേഹത്തെ വിളിച്ച് എഴുന്നേൽപ്പിക്കുകയാണ്. അതിനു പിന്നാലെ മൂന്നു ജീവനക്കാർ കൂടി എത്തി വിശാലിനെ ക്രൂരമായി മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം.
എന്തായാലും വീഡിയോയ്ക്ക് രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഒടുവിൽ ഈ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് റെയിൽവേ അധികൃതർ പറഞ്ഞിരിക്കുന്നത്. റെയിൽവേക്കെതിരെ വിമർശനം രൂക്ഷമായതോടെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ് ഇന്ത്യന്‍ റെയിൽവേ.