ചില്ലറയില്ലെന്നു പറഞ്ഞ യുവതിയോട് കുഴപ്പമില്ലെന്ന് ഡ്രൈവർ, അതിന്റെ ആവശ്യമില്ലെന്ന് ഇടനിലക്കാരൻ; എല്ലാത്തിനും ഉത്തരം നിഷ്കളങ്കമായ ചിരി
Friday, May 9, 2025 11:08 AM IST
ഒരു യാത്രയിലോ അല്ലെങ്കിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നോ ഒക്കെയാണ് ചില മനുഷ്യർ ഹൃദയത്തിലേക്ക് കയറിക്കൂടുന്നത്. അവരുടെ നിഷ്കളങ്കമായ ചിരിയോ, സംസാരമോ ഒക്കെയാകും ഇങ്ങനെ ആകർഷിക്കുന്നത്.
താര ഇൻഗ്രാം എന്ന വിദേശ യുവതി അവരുടെ ഇൻസ്റ്റാഗ്രാം പേജായ "താരാ ഗിവിംഗ് ജോയ്ഫുളി' എന്നതിലൂടെ പങ്കുവെച്ച ഒരു വീഡിയോ എല്ലാവരുടേും മനം കവർന്നിരിക്കുകയാണ്. താരയ്ക്കും ഓട്ടോ ഡ്രൈവർക്കും പുറമേ കോട്ട് ധരിച്ച ഒരു വ്യക്തി കൂടിയുണ്ട് വീഡിയോയിൽ.
താര ഓട്ടോയിൽ യാത്ര ചെയ്യുകയാണ്. അപ്പോൾ അവൾ ഓട്ടോ ഡ്രൈവറോട് തനിക്കു ചില്ലറ വേണമെന്നും തന്റെ കയ്യിൽ ചില്ലറ ഇല്ലെന്നും പറയുന്നു. ഇതു കേട്ട ഓട്ടോ ഡ്രൈവർ അതു സാരമില്ലെന്നും കുഴപ്പമില്ലെന്നുമെല്ലാം പറയുന്നുണ്ട്. താരയ്ക്ക് മനസിലായില്ല എന്നു കരുതി ഡോണ്ട് വറി ഡോണ്ട് വറി എന്നു ഇംഗ്ലീഷിലും പറയുന്നുണ്ട്. നിങ്ങൾ പോയിക്കോളൂ എന്നു പറഞ്ഞിട്ടും യുവതി പോകുന്നില്ല.
ഇവരുടെ സംസാരം കേട്ട് കോട്ടൊക്കെ ധരിച്ച ഒരാൾ അങ്ങോട്ടേക്ക് എത്തുന്നുണ്ട്. അയാൾ കാര്യമെന്താണെന്നു ചോദിച്ചു. താര കാര്യം പറയുകയാണ്. അതിനുശേഷം താര പറയുന്നത് ഇത്രയും നല്ല ഒരു മനുഷ്യന് എന്തെങ്കിലും ചെയ്യണമെന്ന്. കോട്ടു ധരിച്ചയാൾ ഇത് ഓട്ടോക്കാരനോട് പറയുകയും ചെയ്യുന്നുണ്ട്. താര 2000 രൂപ ഓട്ടോക്കാരന് കൊടുക്കാനൊരുങ്ങുന്പോൾ കോട്ട് ധരിച്ചയാൾ 2000 വേണ്ടെന്നും 200 രൂപ നൽകിയാൽ മതിയെന്നാണ് പറയുന്നത്.പക്ഷേ, താര 2000 രൂപ തന്നെ അയാൾക്ക് നൽകുന്നു. ഡ്രൈവറുടെ കരുണയ്ക്കും സത്യസന്ധതയ്ക്കുമാണ് ഈ സമ്മാനം യുവതി നൽകുന്നത്. അതും അയാൾ നിറഞ്ഞ ചിരിയോടെയാണ് സ്വീകരിക്കുന്നത്.
യാത്ര പോകുന്ന ഇടങ്ങളിലെ പരിചയപ്പെടുന്ന അർഹതപ്പെട്ടവർക്ക് ചെറിയ സഹായങ്ങൾ നൽകുന്നത് താരയുടെ രീതിയാണ്. വീഡിയോ എന്തായാലും വൈറലായി അതോടൊപ്പം കോട്ട് ധരിച്ച വ്യക്തിക്കെതിരെ രൂക്ഷ വിമർശനങ്ങളും ഉയരുന്നുണ്ട്.