വരന് 15 കോടിയിലേറെ വിലമതിക്കുന്ന സമ്മാനങ്ങൾ നൽകി വധുവിന്റെ വീട്ടുകാർ
Wednesday, May 7, 2025 2:26 PM IST
അടുത്തിടെ നടന്ന ഒരു ഇന്ത്യൻ വിവാഹത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആ വീഡിയോ തരംഗമാകുന്നതിനു പിന്നിൽ ദമ്പതികളുടെ വസ്ത്രധാരണമോ നൃത്ത പ്രകടനങ്ങളോ അല്ല. മറിച്ച് വധുവിന്റെ കുടുംബം വരന്റെ കുടുംബത്തിന് നൽകിയ അവിശ്വസനീയവും ആഡംബരപൂർണ്ണവുമായ സമ്മാനങ്ങളാണ്.
വധുവിന്റെ കുടുംബം വരന് 15.65 കോടി രൂപയുടെ പെട്രോൾ പമ്പ്, ഭൂമി, വെള്ളി എന്നിവ സമ്മാനമായി നൽകുന്നതായാണ് വീഡിയോയിൽ കാണിക്കുന്നത്. സമ്മാനങ്ങൾ കൈമാറുന്ന ചടങ്ങിനിടെ മൈക്രോഫോണുമായി ഒരാൾ സമ്മാനങ്ങളുടെ വിശദാംശങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്നതും വീഡിയോയിൽ കാണാം.
ഇൻസ്റ്റാഗ്രാമിൽ സോനു അജ്മീർ (@sr_sonu_ajmer_) ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വധുവിന്റെ കുടുംബം വരന്റെ കുടുംബത്തിന് മൂന്ന് കിലോഗ്രാം വെള്ളി, ഒരു പെട്രോൾ പമ്പിന്റെ ഉടമസ്ഥാവകാശം, ഒരു ഏക്കറിൽ അധികം ഭൂമി എന്നിവ നൽകിയതായി അദ്ദേഹം പറയുന്നു. ഈ സമ്മാനങ്ങളുടെ ആകെ മൂല്യം ഏകദേശം 15.65 കോടി രൂപയാണെന്ന് പറയപ്പെടുന്നു.
വീഡിയോ ഇതിനകം 1.9 ദശലക്ഷം ലൈക്കുകൾ നേടിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. പലരും വിമർശിക്കുകയും ചിലർ പോസ്റ്റീവായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
വധുവിന്റെ കുടുംബം ഇത്രയധികം സമ്പത്ത് ദാനം ചെയ്യുമ്പോൾ വിവാഹം പോലും ആവശ്യമാണോ എന്ന് ഒരാൾ തമാശയായി ചോദിച്ചു. ആ പണം ഉപയോഗിച്ച് വധുവിന് സ്വതന്ത്രമായി ഒരു ആഡംബര ജീവിതം നയിക്കാമായിരുന്നു എന്ന് പറഞ്ഞവരും ഉണ്ട്. വധുവിന്റെ മാതൃസഹോദരൻ സഹോദരിക്കും അയാളുടെ മരുമക്കൾക്കും സമ്മാനങ്ങൾ നൽകുന്ന ഒരു പരമ്പരാഗത വിവാഹ ആചാരമായ ഭാത് ചടങ്ങിന്റെ ഭാഗമായിരുന്നു ഈ പ്രവൃത്തി എന്ന് മറ്റൊരാൾ വിശദീകരിച്ചു.